തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്‌സിംഗ് കോളജുകളില്‍ അധ്യാപക, അനധ്യാപക തസ്‌തികകള്‍ സൃഷ്‌ടിക്കാന്‍ ഇന്ന് (11-10-2023) ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനം.(Kerala Cabinet Meeting) 79 തസ്‌തികകളാണ് പുതുതായി സൃഷ്‌ടിക്കുക. 5 പ്രിന്‍സിപ്പല്‍മാര്‍, 14 അസിസ്റ്റന്‍റ് പ്രൊഫസര്‍മാര്‍, 6 സീനിയര്‍ സൂപ്രണ്ടുമാര്‍, 6 ലൈബ്രേറിയന്‍മാര്‍ (ഗ്രേഡ് ഒന്ന്), 6 ക്ലര്‍ക്കുമാര്‍, 6 ഓഫീസ് അറ്റന്‍ഡന്‍റുമാര്‍ എന്നിങ്ങനെ സ്ഥിരം തസ്‌തികകളാണ് പുതുതായി സൃഷ്‌ടിച്ചിരിക്കുന്നത്.
ഇതിന് പുറമെ 12 ട്യൂട്ടര്‍മാര്‍, 6 ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്‍റുമാര്‍, 6ഹൗസ് കീപ്പര്‍മാര്‍, 6 ഫുള്‍ടൈം സ്വീപ്പര്‍മാര്‍, 6 വാച്ച്മാന്‍മാര്‍ എന്നിങ്ങനെ താത്കാലിക തസ്‌തികകളും അനുവദിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലാണ് നഴ്‌സിംഗ് കോളജുകള്‍ പുതുതായി ആരംഭിച്ചത്. അതേസമയം തൃശ്ശൂര്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 9 തസ്‌തികകള്‍ സൃഷ്‌ടിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായി.
എറണാകുളം വാളകം മാർ സ്റ്റീഫൻ ഹയർ സെക്കന്‍ററി സ്‌കൂളിൽ ഹിന്ദി, ബോട്ടണി, സുവോളജി വിഷയങ്ങളില്‍ എച്ച്എസ്എസ്‌ടി (ജൂനിയർ)-ന്‍റെ 3 തസ്‌തികകളും, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്കായി എച്ച്എസ്എസ്‌ടിയുടെ 3 തസ്‌തികകളും, രണ്ട് ലാബ് അസിസ്റ്റന്‍റ് തസ്‌തികകളുമാണ് സൃഷ്‌ടിക്കുക. ഒരു എച്ച്എസ്എസ്‌ടി (ജൂനിയർ), ഇംഗ്ലീഷ് തസ്‌തിക അപ്ഗ്രേഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. താനൂര്‍ പാലം പുനര്‍ നിര്‍മ്മാണത്തിന് 17.35 കോടി രൂപയുടെ ഭരണാനുമതി മന്ത്രിസഭായോഗത്തിൽ നല്‍കി.
അതേസമയം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികളില്‍ 2023 മാര്‍ച്ച് 31ന് ശേഷവും പൂര്‍ത്തീകരിക്കാത്തവയുടെ കാലാവധിയും ഗുണനിലവാരം പരിശോധിക്കുന്നതിന് രൂപീകരിച്ച റിട്ട. സുപ്രണ്ടിങ് എന്‍ജിനീയര്‍മാരുടെ കാലാവധിയും അടുത്ത വർഷം മാര്‍ച്ച് 31 വരെ നീട്ടി. 2022-23 വർഷത്തെ ജില്ല പഞ്ചായത്തുകളുടെ സ്‌പിൽ ഓവർ ബാധ്യത തീർക്കുന്നതിന് ഈ സാമ്പത്തിക വർഷം 200 ശതമാനത്തിൽ അധികം തുക മെയിന്‍റനന്‍സ് ഗ്രാന്‍റിനത്തിൽ ലഭ്യമായതും, ആകെ വിഹിതം ഒരു കോടി രൂപയിൽ അധികരിച്ചുവരുന്നതുമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ 10 സ്ലാബുകളാക്കി തിരിക്കാനും അനുവദിക്കപ്പെട്ട ഫണ്ടിൽ നിന്നും 10 മുതൽ 40 ശതമാനം വരെ തുക കുറവ് വരുത്തി 148.0175 കോടി രൂപ കണ്ടെത്താനുമുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു.
2023ലെ കേരള മുന്‍സിപ്പാലിറ്റി (ഭേദഗതി) കരട് ഓര്‍ഡിനൻസും 2023ലെ കേരള പഞ്ചായത്ത് രാജ് (ഭേദഗതി) കരട് ഓര്‍ഡിനന്‍സും അംഗീകരിച്ചു. ഇവ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും. കൂടാതെ തിരുവനന്തപുരത്ത് തൈക്കാട് പി ഗോവിന്ദപ്പിള്ള സംസ്‌കൃത പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് ഭൂമി അനുവദിച്ചു. 8.01ഏക്കർ ഭൂമി, ഏക്കർ ഒന്നിന് പ്രതിവര്‍ഷം 100 രൂപ നിരക്കില്‍ പത്ത് വര്‍ഷത്തേക്കാണ് പാട്ടത്തിന് അനുവദിച്ചിരിക്കുന്നത്.