തിരുവനന്തപുരം : കേരള കെട്ടിട നികുതി നിയമ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാന്‍ മന്ത്രിസഭാതീരുമാനം. 50 വര്‍ഷം പഴക്കമുള്ള കേരള കെട്ടിട നികുതി നിയമമാണ് ഭേദഗതി ചെയ്യുന്നത്. 1973 ഏപ്രില്‍ ഒന്നിനാണ് കേരള കെട്ടിട നികുതി നിയമം നിലവില്‍ വന്നത്.
കെട്ടിടത്തിന്‍റെ തറ വിസ്‌തീര്‍ണം അടിസ്ഥാനമാക്കിയാണ് ഒറ്റത്തവണ കെട്ടിട നികുതിയും ആഡംബര നികുതിയും ഈടാക്കുന്നത്. ഈ രണ്ട് നികുതികളും ചുമത്തുന്നതും പിരിച്ചെടുക്കുന്നതും റവന്യൂ വകുപ്പാണ്. സംസ്ഥാനത്ത് ആയിരക്കണക്കിന് ഗാര്‍ഹിക, ഗാര്‍ഹികേതര കെട്ടിടങ്ങള്‍ നികുതി നിര്‍ണയിക്കപ്പെടാത്തതായുണ്ട്. ഇതുമൂലം സര്‍ക്കാരിന് വലിയ വരുമാന നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. നികുതിപിരിവ് സുതാര്യവും ഊര്‍ജ്ജിതവുമാക്കുന്നതിന് വേണ്ടിയാണ് ഈ ഭേദഗതി.
മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധി ഉയര്‍ത്തും : പിഴ ചുമത്തുന്നതിനുള്ള ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരുടെ അധികാരപരിധി 10000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി 1973ലെ ക്രിമിനല്‍ നടപടി സംഹിതയിലെ 29ാം വകുപ്പിലെ ഉപവകുപ്പ് ഭേദഗതി ചെയ്യുന്നതിന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ നല്‍കിയ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു. മോട്ടോര്‍ വാഹന നിയമ ഭേദഗതി ആക്‌ട് 2019 നിലവില്‍ വന്നതോടെ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ പത്തുമടങ്ങ് വര്‍ധിച്ചിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് ചുമത്താവുന്ന പരമാവധി പിഴ 10000 രൂപ മാത്രമായതിനാല്‍ നിലവിലുള്ള ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ പ്രോസിക്യൂഷന്‍ നടപടിക്രമങ്ങളെ കാര്യമായി ബാധിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഭേദഗതി വരുത്താനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കാന്‍ തീരുമാനമുണ്ടാകുന്നത്.
മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങള്‍ ഇങ്ങനെ :
- കേരളപ്പിറവി ആഘോഷം: കേരളപ്പിറവി ആഘോഷത്തിന്‍റെ ഭാഗമായി നവംബര്‍ ഒന്ന് മുതല്‍ എഴ് വരെ തിരുവനന്തപുരത്ത് സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
- തുടര്‍ച്ചാനുമതി: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ 1012 താത്‌കാലിക തസ്‌തികകള്‍ക്ക് (കേന്ദ്ര പ്ലാന്‍ വിഭാഗത്തിലെ 872 തസ്‌തികകളും സംസ്ഥാന പ്ലാന്‍ ഹെഡിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു തസ്‌തികയും നോണ്‍പ്ലാന്‍ ഹെഡിലെ 139 തസ്‌തികകളുമുള്‍പ്പടെ) 01.04.2022 മുതല്‍ 31.03.2023 വരെയും 01.04.2023 മുതല്‍ 31.03.2024 വരെയും തുടര്‍ച്ചാനുമതി നല്‍കും. സംസ്ഥാനത്തെ 13 എല്‍എ ജനറല്‍ ഓഫിസുകളില്‍ ഉള്‍പ്പെട്ട 248 തസ്‌തികകള്‍ക്ക് 01.04.2023 മുതല്‍ ഒരു വര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കും.
- ശമ്പള പരിഷ്‌കരണം : കേരഫെഡിലെ ജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്‌കരണം 01.07.2019 മുതല്‍ പ്രാബല്യത്തില്‍ നടപ്പാക്കുന്നതിന് അനുമതി നല്‍കി. ചൈല്‍ഡ് ഡെവലപ്‌മെന്‍റ് സെന്‍ററിലെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥിരം ജീവനക്കാര്‍ക്ക് 11ാം ശമ്പള പരിഷ്‌കരണം 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ നടപ്പിലാക്കും.
- നിയമനം: ഗവണ്‍മെന്‍റ് ഐടി പാര്‍ക്കുകളിലെയും അവയുടെ സാറ്റ്‌ലൈറ്റ് കാമ്പസുകളിലെയും ബില്‍റ്റ് - അപ്പ് സ്‌പെയ്‌സ്, ഭൂമി എന്നിവ മാര്‍ക്കറ്റ് ചെയ്യുന്നതിന് ഇന്‍റര്‍നാഷണല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സിനെ നിയമിക്കുന്നതിന് അനുമതി നല്‍കി. ട്രാന്‍സാക്ഷന്‍/ സക്‌സസ് ഫീ അടിസ്ഥാനത്തിലാകും നിയമനം. അതത് ഗവണ്‍മെന്‍റ് ഐടി പാര്‍ക്കുകളിലെ ചീഫ് എക്‌സിക്യുട്ടീവുമാര്‍ നിയമനം നടത്തും.
- ഭൂമി കൈമാറ്റം ചെയ്യുന്നതിന് അനുമതി : ടെക്‌നോപാര്‍ക്കിന്‍റെ മൂന്നാംഘട്ട വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഒഴിവാക്കിയ ആറ് ഉടമകളുടെ ഭൂമി നിബന്ധനകളോടെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഇവരുടെ പട്ടയം പരിശോധിച്ച് ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുവാന്‍ ടെക്‌നോപാര്‍ക്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറെ ചുമതലപ്പെടുത്തി. സ്ഥിരതാമസക്കാരായ ആറ് ഭൂവുടമകള്‍ക്ക് പുതിയ വാസസ്ഥലം ഉണ്ടാകുന്നത് വരെ മാറി താമസിക്കുന്നതിനുള്ള വാടകയായി ഓരോ കുടുംബത്തിനും ഒറ്റത്തവണയായി 50,000 രൂപ നല്‍കും.