തിരുവനന്തപുരം: കിഫ്ബി വായ്‌പകൾ ഭരണഘടന വിരുദ്ധമാണെന്ന സിഎജി റിപ്പോർട്ട് ഇന്നത്തെ മന്ത്രിസഭ യോഗം ചർച്ച ചെയ്യും. റിപ്പോർട്ട് നിയമസഭയിൽ എത്തുന്നതിനുമുമ്പ് ധനമന്ത്രി തന്നെ പൊതുവേദിയിൽ ചർച്ചയാക്കി എന്ന വിവാദവും മന്ത്രിസഭ പരിശോധിക്കും. സർക്കാർ പദ്ധതികളെ തകർക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ശ്രമത്തിന്‍റെ ഭാഗമാണ് സിഎജി നീക്കവും എന്നാണ് സർക്കാരിന്‍റെ നിലപാട്. ഇക്കാര്യത്തിൽ തുടർ നടപടി ഇന്നത്തെ മന്ത്രിസഭ യോഗം തീരുമാനിക്കും. ധനമന്ത്രി തോമസ് ഐസക്കിന്‍റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നീക്കങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതും യോഗം പരിശോധിക്കും.
കിഫ്ബിക്കെതിരായ നീക്കത്തെ സർക്കാരിൻ്റേയും പാർട്ടിയുടെയും പൂർണ പിന്തുണയോടെ പരസ്യമായി പ്രതിഷേധിക്കാനാണ് തോമസ് ഐസക് രംഗത്തെത്തിയത്. അതുകൊണ്ടുതന്നെ തോമസ് ഐസക്കിനെ സംരക്ഷിക്കുന്ന നിലപാടാകും സർക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാവുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നയപരമായ തീരുമാനങ്ങൾ മന്ത്രിസഭ യോഗത്തിൽ ഉണ്ടാകില്ല.