തിരുവനന്തപുരം: 3400 കോടി രൂപ ആസ്തിയുള്ള കെ.എസ്.ആർ.ടി.സിയുടെ ബാധ്യത 3800 കോടിക്ക് മുകളിലാണ്. ദിനം പ്രതി ഈ ബാധ്യത വർദ്ധിക്കുകയാണ്. ഇത് മറികടക്കാൻ സംസ്ഥാന ബജറ്റിൽ എന്ത് പ്രഖ്യാപിക്കുമെന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്. വർഷം തോറും ആയിരം ബസിറക്കുമെന്നും കോർപ്പറേഷനെ ലാഭത്തിലാക്കുമെന്നും പ്രഖ്യാപിച്ചാണ് ഇടതു മുന്നണി അധികാരത്തിലെത്തിയത്. എന്നാൽ ഇക്കാര്യം ഇതുവരെ എങ്ങുമെത്തിയിട്ടില്ലതാനും.
മൂന്ന് വർഷം കൊണ്ട് ഇടത് സർക്കാർ ഇറക്കിയത് 101 ബസുകൾ മാത്രമാണ്. പുതിയ ബസുകൾ ഇറങ്ങാതെ കോർപ്പറേഷന് മുന്നോട്ട് പോകാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 7 വർഷം കാലാവധി പൂർത്തിയാക്കിയ 300 ഓളം സൂപ്പർ ഡീലക്സ് ബസുകൾ ഈ ഏപ്രിലോടെ ഓർഡിനറി ബസുകളായി മാറും. ഇതോടെ പ്രതിസന്ധി ഇനിയും വർദ്ധിക്കും. ഇലക്ട്രിക് ബസുകൾ പുറത്തിറക്കുമെന്ന കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനവും അതേ പടി നിലനിൽക്കുകയാണ്.
നിലവിൽ കെ.എസ്.ആർ.ടി.സിയിൽ ദൈനംദിന വരുമാനം വർദ്ധിച്ചിട്ടുണ്ട്. എന്നാൽ ഭീമമായ വായ്പാ ബാധ്യതയാണ് ഇപ്പോൾ കോർപ്പറേഷന്റെ മുന്നിലെ പ്രശ്നം. ഈ ബാധ്യത സർക്കാർ ഏറ്റെടുക്കുന്ന സമീപനം ഉണ്ടായാൽ കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാം. ഉയർന്ന പലിശ നിരക്കിലുള്ള വായ്പ ഒഴിവാക്കിയാൽ തന്നെ കോര്‍പ്പറേഷൻ കര കയറുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടേയും അഭിപ്രായം. ബജറ്റിലെ പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങളായി മാത്രം അവശേഷിക്കുന്ന പതിവ് രീതി ഇത്തവണയുണ്ടാകില്ലെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.