തിരുവനന്തപുരം : ഇന്ത്യയിൽ ആദ്യമായി ബാങ്കിങ് ഇപാടുകൾ സമ്പൂർണമായും ഡിജിറ്റലായ സംസ്ഥാനമായി കേരളം. ബാങ്ക് സേവനങ്ങളും പണമിടപാടുകളും ഡിജിറ്റൽ ആക്കണമെന്ന റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശം പൂർണമായും സംസ്ഥാനം നടപ്പിലാക്കി. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, ഇന്‍റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, യുപിഐ ,ആധാർ അധിഷ്‌ഠിത പണമിടപാട് ഇവയിൽ ഏതെങ്കിലും ഒരു സേവനം ഉപയോഗപ്പെടുത്താൻ ഇടപാടുകാരെ പ്രാപ്‌തരാക്കുക എന്നതാണ് ഡിജിറ്റൽ ബാങ്കിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ ഉള്ള ഉപഭോക്താക്കൾ ഈ സേവനങ്ങൾ ഏതെങ്കിലും ഒന്ന് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്. റിസർവ്ബാങ്കും സംസ്ഥാനതല ലീഡ് ബാങ്ക് സമിതിയും സംയുക്തമായാണ് ഇത്തരം ഒരു നേട്ടത്തിലേക്കുള്ള പ്രവർത്തനങ്ങൾ നടത്തിയത്. കേരളത്തിലെ ഉയർന്ന സാക്ഷരതയും ഡിജിറ്റൽ സേവനങ്ങളുടെ ലഭ്യതയും ഈ നേട്ടത്തിന് സംസ്ഥാനത്തെ സഹായിച്ചിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യമായി സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് ജില്ലയായത് തൃശൂർ ആയിരുന്നു. ഇന്നലെ സംസ്ഥാന വ്യാപകമായി ഈ നേട്ടം കൈവരിക്കാൻ കേരളത്തിനായി. സമ്പൂർണ ഡിജിറ്റൽ ബാങ്കിങ് പ്രഖ്യാപനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ കേരളത്തിൽ ഒരുങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിജിറ്റൽ സേവനം ഉറപ്പാക്കാൻ ഡിജിറ്റൽ ഡിവൈഡ് ഇല്ലാതാക്കണം. കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഇന്‍റർനെറ്റ് ലഭ്യമാകണം.
അതിനാണ് കെ ഫോൺ പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ബാങ്കിങ് മേഖല ഡിജിറ്റൽ ആകുമ്പോൾ സൈബർ കുറ്റകൃത്യങ്ങളും വർധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് പഴുതുകൾ ഉണ്ടാകാതിരിക്കാൻ ഉപഭോക്താക്കൾക്ക് ബോധവത്കരണം നൽകണം.
ഡിജിറ്റൽ ഇടപാടുകൾക്ക് സുരക്ഷ ഒരുക്കാൻ ബാങ്കുകൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ഡിജിറ്റലൈസേഷൻ എന്ന നേട്ടത്തിലേക്ക് നയിച്ച വിവിധ ബാങ്ക് മാനേജർമാരെ ചടങ്ങിൽ അനുമോദിച്ചു.