തിരുവനന്തപുരം: നാലു വർഷം പിന്നിട്ട ഇടതു സർക്കാരിന്‍റെ ആദ്യ അവിശ്വാസപ്രമേയ ചർച്ച ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ടും പ്രതിപക്ഷ ബഹളം കൊണ്ടും സംഭവ ബഹുലമായിരുന്നു.പ്രതിപക്ഷത്തു നിന്നും വിഡി സതീശനാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഭരണ പ്രതിപക്ഷത്തുനിന്നുമായി 23 അംഗങ്ങൾ അവിശ്വാസ പ്രമേയത്തെ എതിർത്തും അനുകൂലിച്ചും സംസാരിച്ചു. സർക്കാരിനെതിരായ രൂക്ഷമായ വിമർശനങ്ങളും കുറിക്കുകൊള്ളുന്ന മറുപടിയുമായാണ് അവിശ്വാസ പ്രമേയ ചർച്ച പുരോഗമിച്ചത്.
മന്ത്രിമാരുടെ മറുപടിക്ക് ശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗത്തിനായി എഴുന്നേറ്റു. 4 മണിക്കൂർ 13 മിനിറ്റ് നീണ്ടു നിന്ന പ്രസംഗത്തിൽ സർക്കാരിന്‍റെ ഇതുവരെയുള്ള പ്രവർത്തന നേട്ടങ്ങളും പുതിയ പദ്ധതികളെക്കുറിച്ചുമാണ് മുഖ്യമന്ത്രി സംസാരിച്ചത്. ലൈഫ് പദ്ധതിയിലെ പ്രതിപക്ഷ ആരോപണങ്ങളിൽ പലതും മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിവാക്കി.മറുപടി നീണ്ടപ്പോൾ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. അഴിമതി ആരോപണത്തിൽ മറുപടിയാവശ്യപെട്ടായിരുന്നു പ്രതിഷേധം. ലൈഫ് പദ്ധതിയിലടക്കം മറുപടി പറയാമെന്നും മറുപടി കേള്‍ക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്.
കോൺഗ്രസിനേയും മുസ്ലീം ലീഗിനേയും അക്രമിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പ്രതിപക്ഷം അനുകൂലിച്ചിരുന്നിരുന്നുവെങ്കിൽ എന്തോ പ്രശ്‌നമെന്ന് ഞങ്ങൾ കരുതിയേനെ.കോൺഗ്രസിന്‍റെ ബി ടീം ആണോ ബിജെപി. അതോ തിരിച്ചാണോ എന്ന് സംശയിക്കുന്നു.എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിയുടെ വിമർശനങ്ങൾ. ഇതിനിടയിൽ സോളാർ കേസും മുഖ്യമന്ത്രി ഉന്നയിച്ചു. ഞങ്ങൾ ജനങ്ങളിൽ നിന്ന് വന്നവർ. ജനങ്ങളിലേക്ക് തന്നെ പോകും.അനാവശ്യ കാര്യങ്ങൾ പറയുന്ന പ്രതിപക്ഷത്തെ ജനങ്ങൾക്കറിയാം. ബാക്കി കാര്യങ്ങൾ ജന മധ്യത്തിൽ നേരിടാം എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.