തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. നയപ്രസംഗത്തിന് എത്തിയ ഗവര്‍ണറെ ഗോബാക്ക് വിളികളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ മുദ്രവാക്യങ്ങളുമായി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെ ശക്തമായ ഭാഷയിലാണ് ഗവര്‍ണര്‍ നേരിട്ടത്. നിയമസഭയുടെ അന്തസത്ത കാത്തുസൂക്ഷിക്കണമെന്നും നിങ്ങളുടെ പ്രവൃത്തി ജനം കാണുന്നുണ്ടെന്നും നിയമസഭയോട് ഉത്തരവാദിത്തമുള്ള അംഗങ്ങളാണ് നിങ്ങളെന്നും ഗവര്‍ണര്‍ നയപ്രസംഗത്തിന് മുമ്പ് പ്രതിപക്ഷത്തെ ഓര്‍മിപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം വക വയ്ക്കാതെയാണ് ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്.
നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ തയ്യാറാകാതെ സമ്മേളനം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്കു മുമ്പ് ഗവർണർ സൃഷ്‌ടിച്ച അനിശ്ചിതത്വം പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഗവർണറെ അനുനയിപ്പിക്കാൻ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാലിനെ മാറ്റിക്കൊണ്ടുള്ള സർക്കാർ തീരുമാനം വന്നശേഷമാണ് ഗവർണർ ഒപ്പിട്ടത്.
മാർച്ച് 11നാണ് ബജറ്റ്. അതേസയം നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാതെ സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ രംഗത്തെത്തി. സർക്കാരും ഗവർണറും തമ്മിൽ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ ബിജെപി നേതാവ് ഹരി എസ് കർത്തയ്ക്ക് നിയമനം നൽകിയ നടപടിക്ക് സർക്കാർ അതൃപ്‌തി പ്രകടിപ്പിച്ചതാണ് ഗവർണറെ പ്രകോപിപ്പിച്ചത്.
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ സർക്കാരിന്‍റെ അതൃപ്‌തി ചൂണ്ടിക്കാട്ടി രാജ്ഭവന് കത്തയച്ചിരുന്നു. ഇതോടെ മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിന്‍റെ പെൻഷൻ വിഷയത്തിൽകടുത്ത നിലപാടുമായി ഗവർണറും രംഗത്തെത്തുകയായിരുന്നു. തുടർന്നാണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി നയപ്രഖ്യാപന പ്രസംഗത്തിന് തൊട്ടുമുമ്പ് കടുത്ത പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ എത്തിയത്.
ALSO READ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്ന് മുഖപത്രം