തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ തനത് ജീവിത രീതികള ഇല്ലാതാക്കാൻ ശ്രമിക്കുന്ന അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്‍റെ നടപടിക്കെതിരെ കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി.
കാവി അജണ്ടയും കോർപ്പറേറ്റ് താത്‌പര്യങ്ങളുമാണ് അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടിക്ക് പിന്നിലെന്ന് പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. അഡ്‌മിനിസ്‌ട്രേറ്ററെ ഉടൻ തിരിച്ചു വിളിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ ഉപജീവന മാർഗം തകർക്കുകയാണെന്നും പിൻവാതിലിലൂടെ സംഘപരിവാർ അജണ്ടയായ ഗോവധ നിരോധനം നടപ്പിലാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേ സമയം പ്രമേയത്തോട് പൂർണമായും യോജിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കേണ്ട അഡ്‌മിനിസ്‌ട്രേറ്റർ അതെല്ലാം ലംഘിക്കുന്നതിന് കൂട്ടുനിൽക്കുകയാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. ബീഫ് നിരോധനം പോലുള്ള നടപടി സ്വീകരിക്കാൻ ലക്ഷ ദ്വീപ് ഇന്ത്യയിലല്ലേ എന്നും സതീശൻ ചോദിച്ചു.