തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഉന്നതതല ഓഡിറ്റ് വേണമെന്ന് ഹൈക്കോടതിയുടെ ഉത്തരവില്ലെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു നിയമസഭയിൽ. കോടതി വാക്കാലുള്ള പരാമർശം മാത്രമാണ് നടത്തിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും എൽദോസ് പി. കുന്നപ്പിള്ളിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി സഭയിൽ വ്യക്തമാക്കി.
ശമ്പളം കൊടുക്കുന്നതിന് ആദ്യ പരിഗണന നൽകണമെന്ന് കോടതി പറഞ്ഞിട്ടില്ലന്ന് എംഎൽഎ എ വിൻസെൻ്റിന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ശമ്പളം നൽകുമ്പോൾ ഡ്രൈവർ, കണ്ടക്‌ടർ തുടങ്ങി താഴേ തട്ടിലുള്ള ജീവനക്കാർക്ക് ആദ്യ പരിഗണന നൽകണമെന്നാണ് കോടതി പറഞ്ഞത്. ഡീസൽ അടിക്കാതെ ബസ് ഓടിക്കാൻ കഴിഞ്ഞാൽ ശമ്പളം ആദ്യം നൽകാമെന്നും ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു.
മുൻകാല ബാധ്യതകൾ ഒഴിവാക്കിയാൽ കെ.എസ്.ആർ.ടിസിയുടെ പ്രവർത്തനം മെച്ചപ്പെടും. കൊവിഡിനെ തുടർന്ന് വായ്‌പ തിരിച്ചടവ് മുടങ്ങി. ഇന്ധനം, വായ്‌പ എന്നിവ അടക്കം ചെലവുകൾ കൂടുതലാണ്. ഇത് മൂലമാണ് ശമ്പളം വൈകുന്നത്. വരവും ചെലവും തമ്മിൽ പ്രതിമാസം 100 കോടിയുടെ അന്തരമുണ്ട്.
ശാസ്ത്രീയമായ രീതിയിൽ സിംഗിൾ ഡ്യൂട്ടി സംവിധാനം അടക്കം സുശീൽ ഖന്ന റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കുമ്പോൾ നിലവിലെ പ്രതിസന്ധി മാറും. ശമ്പളം നൽകാൻ ധനവകുപ്പിനോട് സഹായം ചോദിച്ചിട്ടുണ്ട്. ഡിപ്പോകളും ഓപ്പറേറ്റിങ് സെൻ്ററുകളും കെ.എസ്.ആർ.ടി.സി വെട്ടിക്കുറയ്ക്കുന്നില്ല.
താഴേത്തട്ടിൽ കരാർ ജീവനക്കാരെ നിയമിക്കുന്നില്ല. നഷ്‌ടമില്ലാത്ത റോഡുകളിൽ നിർത്തിവച്ച സർവീസുകൾ ഘട്ടം ഘട്ടമായി വീണ്ടും തുടങ്ങും. കെ.എസ്.ആർ.ടിസി സ്ക്രാപ്പിനു മാറ്റിയ ആകെ ബസുകളുടെ എണ്ണം 900 മാത്രമാണ്. ഇതിൽ 400 ബസുകൾ സ്ക്രാപ്പിന് നൽകിക്കഴിഞ്ഞു. ഈ കണക്ക് പെരുപ്പിച്ചു കാട്ടരുതെന്നും മന്ത്രി പറഞ്ഞു.