കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം കൂടി എത്തിയതോടെയാണ് പാലായെ ചൊല്ലി എല്‍ഡിഎഫില്‍ ആശയക്കുഴപ്പം ഉടലെടുത്തത്. കെഎം മാണി സ്ഥിരമായി മത്സരിച്ചു ജയിച്ചു വന്ന സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ജോസ് കെ മാണി വിഭാഗവും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ച സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്ന് എൻസിപി നേതാവ് മാണി സി കാപ്പൻ എംഎല്‍എയും വ്യക്തമാക്കിയതോടെ പാലാ വീണ്ടും ശ്രദ്ധാകേന്ദ്രമായി. പാലായില്‍ വിട്ടുവീഴ്ചയില്ലെന്ന് അറിയിക്കാൻ എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണാൻ മാണി സി കാപ്പൻ ഡല്‍ഹിയിലുണ്ട്. ഒപ്പം എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരനുമുണ്ട്. പക്ഷേ എല്‍ഡിഎഫില്‍ എൻസിപിയുടെ മന്ത്രിയായ എകെ ശശീന്ദ്രന് അക്കാര്യത്തില്‍ ഒരു അഭിപ്രായ വ്യത്യാസവുമില്ല. അദ്ദേഹം ഇടതുമുന്നണിക്കൊപ്പമാണെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. അതിനിടെ മാണി സി കാപ്പനെ കൈപ്പത്തി ചിഹ്നത്തില്‍ പാലായില്‍ മത്സരിപ്പിക്കാമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറയുകയും കൂടി ചെയ്തതോടെ പാലാ ശരിക്കും ഒരു ട്വിസ്റ്റാണ്.
കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുതല്‍ കോൺഗ്രസ് നേതൃത്വവുമായി അകല്‍ച്ചയിലായിരുന്ന കെവി തോമസിനെ കോൺഗ്രസ് ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് പദവി കൊടുത്തതാണ് ഇന്നത്തെ ഏറ്റവും ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് നല്‍കാത്തതാണ് കെവി തോമസിനെ ചൊടിപ്പിച്ചത്. അതിനിടെ, കെവി തോമസ് എല്‍ഡിഎഫ് സ്ഥാനാർഥിയായി എറണാകുളത്ത് മത്സരിക്കുമെന്ന തരത്തില്‍ വാർത്തകളും വന്നിരുന്നു. വർക്കിങ് പ്രസിഡന്‍റ് ആയതോടെ കെവി തോമസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവമാകും എന്ന് കരുതാം.
അതോടൊപ്പം സംസ്ഥാനത്ത് സജീവമായ നിയമന വിവാദങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് രംഗത്ത് എത്തി. പിൻവാതില്‍ നിയമനവും കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തിയത് അടക്കമുള്ള വിവാദങ്ങളില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് സിപിഎമ്മിന്‍റെ തീരുമാനം. സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരങ്ങളെ പരസ്യമായി ആക്ഷേപിച്ച് സിപിഎം നേതാക്കൾ രംഗത്ത് വന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടത്. അതിനിടെ, ജുവലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലിലായ മുസ്ലീംലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എംസി കമറുദ്ദീൻ ജയില്‍ മോചിതനായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കേരളം കാത്തിരിക്കുന്ന വേളയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ കേരളത്തിലെത്തുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തുന്നുണ്ട്. ഈമാസം 14നാകും മോദി കേരളത്തിലെത്തുക. ഇതോടെ തെരഞ്ഞെടുപ്പ് ചൂട് കേരളത്തില്‍ കൂടുതല്‍ ശക്തമാകുമെന്നുറപ്പായി.