നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികളും രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള ചർച്ചകളിലാണ്. സ്ഥാനാർഥികൾക്കായുള്ള ആലോചന തുടങ്ങിയപ്പോൾ തന്നെ സിപിഎമ്മിലും കോൺഗ്രസിലും തർക്കങ്ങളും തുടങ്ങി. പാലക്കാട് ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് എതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് പാലക്കാട് മുൻ ഡിസിസി പ്രസിഡന്‍റ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റ് കെ സുധാകരൻ ഗോപിനാഥിന്‍റെ പാലക്കാട്ടെ വീട്ടിലെത്തി ചർച്ച നടത്തി. പത്തനാപുരത്ത് ജ്യോതി കുമാർ ചാമക്കാലയ്ക്ക് എതിരെയും കോൺഗ്രസില്‍ പ്രതിഷേധമുണ്ട്.
നാല് തവണ തുടർച്ചയായി ജയിച്ചവർക്ക് അവസരം നല്‍കേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശം തള്ളിയാണ് കെപിസിസി നേതൃത്വം സ്ഥാനാർഥി നിർണയം നടത്തുന്നത്. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിർപ്പ് കണക്കിലെടുത്താണ് കെപിസിസി തീരുമാനം മാറ്റിയത്. എന്നാല്‍ രണ്ട് തവണ തോറ്റവർക്ക് കോൺഗ്രസില്‍ സീറ്റുണ്ടാകില്ല. പുതുമുഖങ്ങൾക്കും യുവാക്കൾക്കും അവസരം നല്‍കുമെന്ന് പറയുമ്പോഴും വിജയസാധ്യതയാണ് മുഖ്യഘടകം എന്നാണ് കെപിസിസി പറയുന്നത്. എന്നാല്‍ സിപിഎമ്മില്‍ കാര്യങ്ങൾ അങ്ങനെയല്ല. രണ്ട് തവണ തുടർച്ചയായി ജയിച്ചവർക്ക് സീറ്റ് നല്‍കേണ്ടെന്നാണ് സിപിഎം തീരുമാനം.
ഇതേതുടർന്ന് സീറ്റ് ലഭിക്കാത്ത സിപിഎം മന്ത്രിമാർ, എംഎല്‍എമാർ എന്നിവരുടെ മണ്ഡലങ്ങളില്‍ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ആരംഭിച്ചു. പൊന്നാനിയില്‍ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, അമ്പലപ്പുഴയില്‍ മന്ത്രി ജി സുധാകരൻ എന്നിവർക്ക് വേണ്ടിയാണ് ആദ്യ പരസ്യ പ്രതിഷേധം വന്നത്. ശ്രീരാമകൃഷ്ണനും ജി സുധാകരനും വീണ്ടും മത്സരിക്കാൻ അവസരം നല്‍കണം എന്നാവശ്യപ്പെട്ട് അവരവരുടെ മണ്ഡലങ്ങളില്‍ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. റാന്നിയില്‍ നാല് തവണ ജയിച്ച സിപിഎം നേതാവ് രാജു എബ്രഹാമിനെ മാറ്റി സീറ്റ് ഘടകകക്ഷിയായ കേരള കോൺഗ്രസ് എമ്മിന് നല്‍കുന്നതിന് എതിരെ സിപിഎമ്മില്‍ വലിയ പ്രതിഷേധം ഉയർന്നു കഴിഞ്ഞു.
റാന്നിയില്‍ സിപിഎം തന്നെ മത്സരിക്കണം എന്നാണ് ആവശ്യം. അതോടൊപ്പം സിപിഎം നേതാവ് പി ജയരാജന് സീറ്റ് നിഷേധിച്ചതിന് എതിരെ പരസ്യ പ്രതിഷേധത്തിന്‍റെ ഭാഗമായി സ്പോർട്‌സ് കൗൺസില്‍ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്‍റ് ധീരജ് കുമാർ സ്ഥാനം രാജിവെച്ചു. സാമൂഹിക മാധ്യമങ്ങളിലും പി ജയരാജന് സീറ്റ് നിഷേധിച്ചതിന് എതിരെ പ്രതിഷേധം ശക്തമാണ്. തുടർച്ചയായി രണ്ട് തവണ ജയിച്ച് നിയമസഭയിലെത്തിയവർ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ അഞ്ച് മന്ത്രിമാരും സ്പീക്കർ പി ശ്രീരാമകൃഷ്ണനും അടക്കം 23 പേരെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് നിന്ന് സിപിഎം ഒഴിവാക്കിയത്.