തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് കള്ളവോട്ടര്‍മാരെയാണ് ചേര്‍ത്തിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. ഒരേ ഫോട്ടോയും ഒരേ വിലാസവും വെച്ച് ഒരാള്‍ക്ക് നിരവധി സ്ഥലത്ത് വോട്ടുകളുണ്ട്. ഉദുമ മണ്ഡലത്തില്‍ 164-ാം ബൂത്തില്‍ കുമാരി എന്നയാള്‍ക്ക് അഞ്ച് സ്ഥലത്ത് പേരും തിരിച്ചറിയില്‍ കാര്‍ഡുമുണ്ട്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു.
കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലത്ത് 2534, തൃക്കരിപ്പൂരില്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3523, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് പ്രതിപക്ഷ നേതാവ് പുറത്തുവിട്ട കള്ളവോട്ടുകളുടെ കണക്ക്. ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കുന്നതിന് ഇത്തവണ സംഘടിതമായ ശ്രമമാണ് നടന്നിരിക്കുന്നതും അദ്ദേഹം പറഞ്ഞു. സിപിഎം-ബിജെപി കൂട്ടുകെട്ടുമായി ബന്ധപ്പെട്ട ബാലശങ്കറിന്‍റെ വെളിപ്പെടുത്തല്‍ ഗൗരവതരമാണ്. സിപിഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.
ബാലശങ്കര്‍ പറഞ്ഞത് നിസാരമായി തള്ളിക്കളയാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു. എത്ര മണ്ഡലങ്ങളില്‍ വോട്ടുകച്ചവടം നടത്തിയെന്ന് മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന പ്രസിഡന്‍റും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 26 തവണയാണ് ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി മാറ്റിവച്ചത്. കേരളത്തില്‍ ബിജെപിക്ക് മത്സരിക്കാന്‍ സിപിഎം സ്ഥാനാര്‍ഥികളെ നല്‍കുന്നു. അപകടകരമായ കളിയാണ് സിപിഎം കളിക്കുന്നത്. ഇത് പാര്‍ട്ടിയുടെ അന്ത്യം കുറിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.