തിരുവനന്തപുരം: ആധുനിക കൃഷിരീതി പഠിക്കാന്‍ കൃഷി മന്ത്രി പി പ്രസാദിന്‍റെ നേതൃത്വത്തില്‍ നടത്താനിരുന്ന ഇസ്രായേല്‍ യാത്ര മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യാത്ര മാറ്റിയത് എന്നാണ് റിപ്പോര്‍ട്ട്. കൃഷി മന്ത്രി പി പ്രസാദും ഉദ്യോഗസ്ഥരും കര്‍ഷകരും ആയിരുന്നു ഇസ്രായേലിലേക്ക് പോകാനിരുന്നത്.
എന്നാല്‍ ഇസ്രായേല്‍ സന്ദര്‍ശനം സംബന്ധിച്ച് രണ്ട് മാസം കഴിഞ്ഞ് ആലോചിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ഔദ്യോഗിക വിവരം. സാമ്പത്തിക പ്രതിസന്ധിക്കിടെ രണ്ട് കോടി ചെലവാക്കിയുള്ള ഇസ്രായേല്‍ യാത്ര വിവാദമായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി അനുമതി നിഷേധിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഇസ്രായേലില്‍ ഒരാഴ്‌ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശന പരിപാടി ആയിരുന്നു ആസൂത്രണം ചെയ്‌തിരുന്നത്. ഫെബ്രുവരി 12 മുതല്‍ 19 വരെ നീണ്ട് നില്‍ക്കുന്നതായിരുന്നു ഇസ്രായേല്‍ പര്യടനം. മന്ത്രിയേയും ഉദ്യോഗസ്ഥരെയും കൂടാതെ തെരഞ്ഞൈടുത്ത 20 കര്‍ഷകരും സംഘത്തിലുണ്ടായിരുന്നു.
കൃഷി, ടൂറിസം മേഖലകളില്‍ കേരളത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് കഴിഞ്ഞ മാസം കേരളം സന്ദര്‍ശിച്ച സൗത്ത് ഇന്ത്യയിലെ ഇസ്രായേല്‍ കോണ്‍സുല്‍ ജനറല്‍ ടമി ബെന്‍ ഹെയിം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ചേംബറില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്രായേലില്‍ കാര്‍ഷിക മേഖലയിലെ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്‌ക്കുകയും ഉയര്‍ന്ന ഉത്‌പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളുണ്ട്. കൂടാതെ ഇസ്രായേലിലെ വാട്ടര്‍ മാനേജ്‌മെന്‍റ്, റീസൈക്ലിങ് ടെക്‌നിക്കുകള്‍, മൈക്രോ ഇറിഗേഷന്‍ സിസ്റ്റം, കാലാവസ്ഥ അനുരൂപ കൃഷി മാതൃകകള്‍, ഹൈടെക് കൃഷി രീതികള്‍, പോളി ഹൗസ് എന്നീ സാങ്കേതികവിദ്യകളും ലോകപ്രശസ്‌തമാണ്.
ഇത്തരം സാങ്കേതിക വിദ്യകള്‍ പഠിക്കാനും കേരളത്തില്‍ നടപ്പില്‍ വരുത്താനുമായിരുന്നു കൃഷി മന്ത്രിയുടെ നേതൃത്വത്തില്‍ ഇസ്രായേല്‍ യാത്ര ആസൂത്രണം ചെയ്‌തത് .യാത്ര സംഘത്തിലേക്ക് കൃഷിവകുപ്പിലെ മൂന്ന് അഡീഷണല്‍ ഡയറക്‌ടര്‍മാരുടെ പേര് ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി ഫയല്‍ അയച്ചിരുന്നു. പാര്‍ട്ടി അനുഭാവമുള്ളവരെ മാത്രമാണ് മന്ത്രിക്കൊപ്പം കൂട്ടുന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് യാത്ര മാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്.