തിരുവനന്തപുരം : കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആദിവാസികളെ തഴയുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറിയും എംപിയുമായ കെ.സി വേണുഗോപാൽ. ആദിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനോ അവർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കുന്നതിനോ പകരം കൊലയാളികളെ സംരക്ഷിക്കുന്നതിലും ഭരണകർത്താക്കളുടെ അതിമോഹമായ സിൽവർലൈൻ പദ്ധതിയിലുമാണ് സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്ന് വേണുഗോപാൽ ആരോപിച്ചു.
വിലക്കയറ്റത്തിനെതിരായ കോൺഗ്രസ് രാജ്യവ്യാപകമായി ഏർപ്പെടുത്തിയ ജന ജാഗ്രത കാമ്പയിനിന്‍റെ രണ്ടാം ദിനത്തിൽ ആദിവാസി ദളിത് സംഗമത്തെ അഭിസംബോധന ചെയ്യവെയായിരുന്നു സംസ്ഥാന സർക്കാരിനെതിരായ വേണുഗോപാലിന്‍റെ വിമർശനം. സിൽവർ ലൈൻ പദ്ധതിക്കായി ഒരു ലക്ഷം കോടിയോളം രൂപ ചെലവഴിക്കാൻ സംസ്ഥാന സർക്കാർ തയാറാണ്.
എന്നാൽ ആദിവാസി കുടുംബങ്ങൾക്ക് മതിയായ പാർപ്പിടമൊരുക്കാൻ സർക്കാരിന് കഴിയുന്നില്ല. നരേന്ദ്ര മോദി സർക്കാരിനെ പോലെ ജനവിരുദ്ധ നിലപാടാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. എന്നാൽ ആദിവാസി സമൂഹത്തെ ചേർത്തുപിടിക്കാൻ രാഹുൽ ഗാന്ധിക്ക് യാതൊരു മടിയുമില്ലെന്നും വേണുഗോപാൽ പറഞ്ഞു.
ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവർ കോൺഗ്രസിന്‍റെ ജില്ല കമ്മിറ്റികളിലും പാർട്ടിയുടെ വിവിധ ഘടകങ്ങളിലും ഭാഗമാകുന്നുണ്ട്. എന്നാൽ ദളിത് വിഭാഗത്തിൽപ്പെട്ടവരെ പൊളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്താൻ സിപിഎം തയാറായിട്ടില്ല.
കേരളത്തിലെ കോൺഗ്രസും ആദിവാസികളെയും ദളിതരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ പരാജയപ്പെട്ടപ്പോഴും ദേശീയതലത്തിലും മറ്റ് സംസ്ഥാനങ്ങളിലും അവരെ സമൂഹത്തിന് മുൻപിലേക്ക് കൊണ്ടുവരുന്നതിൽ കോൺഗ്രസ് മുൻനിരയിലാണെന്നും അദ്ദേഹം പറഞ്ഞു.
വനനിയമം പൊലീസിന് കളിക്കാനുള്ളതല്ല. മറിച്ച് ആദിവാസികളുടെ ശാക്തീകരണം ലക്ഷ്യം വച്ച് കോൺഗ്രസ് സർക്കാർ കൊണ്ടുവന്നതാണ്. എന്നാൽ ആദിവാസി സമൂഹങ്ങളെ ചൂഷണം ചെയ്യുക വഴി കേന്ദ്രസർക്കാർ അതിനെ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.