തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് യുകെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിനായി കേരള സര്‍ക്കാരും യുകെയും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടുവെന്ന മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിലെ അവകാശവാദം വസ്‌തുത വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ പ്രവാസികാര്യമന്ത്രിയുമായ കെസി ജോസഫ്. തെറ്റായ പ്രചാരണത്തിലൂടെ ജനങ്ങളെ വിഡ്ഢികളാക്കാന്‍ മുഖ്യമന്ത്രി ബോധപൂര്‍വം ശ്രമിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
യുകെയിലെ സ്വകാര്യ ഏജന്‍സികളുമായി കരാറില്‍ ഒപ്പിട്ട ശേഷം യുകെയുമായി ഒപ്പിട്ടുവെന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെസി ജോസഫ് പറഞ്ഞു. കേന്ദ്രാനുമതി കൂടാതെ ഒരു സംസ്ഥാനത്തിന് മറ്റൊരു രാജ്യവുമായി കരാറിലോ ധാരണാപത്രത്തിലോ ഒപ്പിടാന്‍ കഴിയില്ല. ഇക്കാര്യം കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്നതാണ്.
ലോകത്ത് എവിടെയും ലഭ്യമാകുന്ന തൊഴിലവസരങ്ങള്‍ കേരളീയര്‍ക്ക് നേടിയെടുക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ കുടിയേറ്റം പ്രോത്സാഹിപ്പിക്കല്‍ ഒരു ഗവണ്‍മെന്‍റിന്‍റെ ചുമതലയല്ല. മറിച്ച് തെഴിലവസരങ്ങള്‍ നാട്ടില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. കേരളത്തിലെ വിദ്യാര്‍ഥികളില്‍ ഒരു വലിയ പങ്കും വിദ്യാഭ്യാസത്തിനും തുടര്‍ ജോലിക്കുമായി വായ്‌പയെടുത്ത് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ തീവ്ര പരിശ്രമം നടത്തുന്നുവെന്നത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും കെസി ജോസഫ് പറഞ്ഞു.