തിരുവനന്തപുരം: വിവാദമായ കവിയൂർ പീഡന കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് അഞ്ചിലേയ്ക്ക് മാറ്റി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.
17 വർഷമായിട്ടും ദുരൂഹത വിടാതെ കവിയൂർ കേസ്
2004 സെപ്റ്റംബർ 28നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കെ.എ നാരായണൻ നമ്പൂതിരിയെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. നാരായണൻ നമ്പൂതിരിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭന, മക്കളായ അനഘ, അഖില, അക്ഷയ എന്നിവരെ മുറിയിൽ മരണപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്.
Read More: കവിയൂർ പീഡനക്കേസ് പരിഗണിക്കുന്നത് ഏപ്രിൽ ഏഴിലേക്ക് മാറ്റി
വിവാദമായ മരണങ്ങൾ കൊലപാതകമെന്ന് ആരോപണം ഉയർന്നെങ്കിലും പിന്നീട് ആത്മഹത്യയെന്ന് തെളിഞ്ഞു. പോസ്റ്റ്‌മോർട്ടത്തിൽ പതിനഞ്ചുകാരിയായ മൂത്തകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മരണപ്പെടുന്നതിന് 72 മണിക്കൂർ മുൻപാണ് കുട്ടി അവസാനമായി പീഡിപ്പിക്കപ്പെടുന്നത്. എന്നാൽ ആരാണ് പീഡിപ്പിച്ചത് എന്നത് കൂട്ട ആത്മഹത്യ നടന്ന് 17 വർഷമായിട്ടും തെളിയിക്കപ്പെട്ടിട്ടില്ല.
പ്രതി വിഐപി?
പീഡിപ്പിച്ചത് രാഷ്ട്രീയക്കാരനായ വിഐപി എന്ന് ആരോപണം ഉയർന്നിരുന്നു. കിളിയൂർ കേസിലെ മുഖ്യ പ്രതിയും കവിയൂർ കേസിലെ ഏക പ്രതിയുമായ ലതാ നായരുടെ പങ്കാണ് വിഐപി ആക്ഷേപം കേരളക്കരയിൽ ഉയർത്തിയത്. ലതാ നായർ അനഘയെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ച്ച വച്ചതിന്‍റെ അപമാനത്താലാണ് നാരായണൻ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടെ ആരോപണം.
തെളിയിക്കാൻ സാധിക്കാതെ സിബിഐ
കേസ് തെളിയിക്കാൻ സിബിഐക്ക് സാധിച്ചില്ല. കേസിൽ നാല് തവണ സിബിഐ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നുവെങ്കിലും നാലും കോടതി തള്ളി. മരണപ്പെട്ട പെൺകുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന മുൻ കണ്ടെത്തലുകളിൽ നിന്ന് മലക്കം മറിഞ്ഞ സിബിഐ സമർപ്പിച്ച നാലാം റിപ്പോർട്ടാണ് അവസാനമായി കോടതി തള്ളിയത്.
നാലാം റിപ്പോർട്ട് തള്ളിയതോടെ കേസിൽ അഞ്ചാമതും തുടരന്വേഷണം നടത്താനും അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകി. 2018 നവംബർ 15 നാണ് സിബിഐ നാലാം തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്.