തിരുവനന്തപുരം : കർക്കടക വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ. ഈ മാസം 17ന് പുലർച്ചെ 2.30 മുതലാണ് ബലിതർപ്പണം ആരംഭിക്കുന്നത്.
ക്രമീകരണങ്ങൾ ഇങ്ങനെ: തിരുവനന്തപുരം ജില്ലയിലെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഒരേ സമയം 3,500 പേർക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യം. ക്ഷേത്രത്തിൽ നിലവിലുള്ള രണ്ട് ബലി മണ്ഡപങ്ങൾക്ക് പുറമേ 7 ബലി മണ്ഡപങ്ങൾ ക്ഷേത്രത്തിന് മുൻവശത്തും പുറത്തും നദിക്കരയിലും സജ്ജീകരിച്ചു. തിരുവല്ലം ക്ഷേത്രത്തിൽ സ്ഥിരമായി ഉള്ള ജീവനക്കാർക്ക് പുറമെ സ്പെഷ്യൽ ഡ്യൂട്ടിക്കായി ദേവസ്വം ജീവനക്കാരെ നിയോഗിക്കും.
300 താൽക്കാലിക ജീവനക്കാരെയും നിയോഗിച്ചു. ബലി മണ്ഡപങ്ങൾക്ക് സമീപം പ്രത്യേക ടിക്കറ്റ് കൗണ്ടറുകൾ സ്ഥാപിക്കും. പ്രസാദ വിതരണത്തിനും പ്രത്യേക സംവിധാനം ഒരുക്കും.
പമ്പയിലും ഒരുക്കങ്ങൾ: ശബരിമല ഗ്രൂപ്പിലെ പമ്പ ദേവസ്വത്തിൽ ബലിതർപ്പണ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പമ്പയിൽ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പമ്പയിൽ കൂടുതൽ ബലിത്തറകൾ ക്രമീകരിക്കും.
വർക്കല ദേവസ്വത്തിൽ ബലിതർപ്പണ ക്രമീകരണങ്ങളുടെ മേൽനോട്ടത്തിനായി തിരുവനന്തപുരം ദേവസ്വം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ജയറാം പരമേശ്വരനെ ചുമതലപ്പെടുത്തി. വർക്കല കടപ്പുറത്തെ ദേവസ്വം ബോർഡിന്‍റെ ബലിമണ്ഡപത്തിലും താൽക്കാലിക മണ്ഡപത്തിലും 16ന് രാത്രി 10.25 മുതൽ ബലിതർപ്പണം ആരംഭിക്കും. ദേവസ്വം ബോർഡ് നിയോഗിച്ചിട്ടുള്ള പുരോഹിതന്മാരായിരിക്കും ദേവസ്വം ബോർഡ് ബലിത്തറകളിൽ കാർമികത്വം വഹിക്കുന്നത്.
ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ അറിയിപ്പുകൾ നൽകുന്നതിന് ഇൻഫോർമേഷൻ ഓഫിസ് പ്രവർത്തനമുണ്ടാകും. ആലുവ ദേവസ്വത്തിൽ ബലിതർപ്പണ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് സ്പെഷ്യൽ ഓഫിസറായി വൈക്കം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ മുരാരി ബാബുവിനെ ചുമതലപ്പെടുത്തി. ബലിത്തറ, കടകൾ എന്നിവ ലേലം ചെയ്‌ത് നൽകുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്.
ആലുവ മണപ്പുറത്ത് 16ന് രാത്രി മുതൽ തന്നെ ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ബലിതർപ്പണം നടക്കുന്ന ദേവസ്വം ബോർഡിന്‍റെ മറ്റ് ക്ഷേത്രങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അതാത് അസിസ്റ്റന്‍റ് ദേവസ്വം കമ്മിഷണർമാർക്ക് ചുമതല നൽകി. വിവിധ സർക്കാർ വകുപ്പുകൾ, പൊലീസ്, ആരോഗ്യം, ഫയർഫോഴ്‌സ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് ബലിതർപ്പണത്തിനായുള്ള ക്രമീകരണങ്ങൾ ഒരുക്കിയതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ അനന്തഗോപൻ വ്യക്തമാക്കി.
അരവണ കണ്ടെയ്‌നർ നിർമ്മാണം: അരവണ കണ്ടെയ്‌നർ നിർമ്മാണത്തിനായി ദേവസ്വം ബജറ്റിൽ പ്രത്യേകമായി പണം വകയിരുത്തിയിരുന്നു. ആദ്യ ഘട്ടം എന്ന നിലയിൽ ഡിപിആർ ക്ഷണിച്ചു. ഒരു കൺസൾട്ടന്‍റ് ഡിപിആർ നൽകി കഴിഞ്ഞു. ഡിപിആർ എക്‌സ്‌പേർട്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് നൽകാൻ തീരുമാനിച്ചു.
ഇത് സ്ഥാപിച്ച് കഴിഞ്ഞാൽ ദേവസ്വം ബോർഡിന് കിട്ടുന്ന ലാഭം എത്രയെന്നു തിട്ടപ്പെടുത്താൻ ഒരു ചാറ്റേർഡ് അക്കൗണ്ടന്‍റിന്‍റെ ഉപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. 5 ദിവസത്തിനുള്ളിൽ ഈ നടപടികളെല്ലാം പൂർത്തീകരിക്കും. നന്ദൻകോട് പുതുതായി ഒരു പെട്രോൾ പമ്പ് തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്.
ഐഒസിയുമായി (ഇന്ത്യൻ ഓയിൽ കോർപറേഷൻ) ബന്ധപ്പെട്ട് ഇതിനയുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണ്. നിലയ്ക്കലിൽ ഒരു ഗ്യാസ് ഗോഡൗൺ സ്ഥാപിക്കാനും മാന്നാറിൽ ഒരു വൃദ്ധസദനം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം ശബരിമലയിലെ മുന്നൊരുക്കങ്ങൾ ആരംഭിച്ചു.
നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നൽകി കഴിഞ്ഞു. തീർഥാടനത്തിന് മുൻപ് തന്നെ അതെല്ലാം പൂർത്തിയാക്കുമെന്നും അനന്തഗോപൻ അറിയിച്ചു.