തിരുവനന്തപുരം : പ്രമേഹ രോഗത്തെ തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായി ചികിത്സയില്‍ തുടരുന്ന കാനം രാജേന്ദ്രന് പകരം മറ്റാര്‍ക്കും സെക്രട്ടറിയുടെ ചുമതല തത്കാലം നല്‍കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം. പ്രമേഹ രോഗത്തെ തുടര്‍ന്ന് കാല്‍പ്പാദം മുറിച്ചുമാറ്റി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കാനം അവധിയിലാണ്.
ഈ സാഹചര്യത്തില്‍ അവധി കഴിഞ്ഞ് മടങ്ങിയെത്തും വരെ മറ്റാര്‍ക്കെങ്കിലും പാര്‍ട്ടി സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കണം എന്നൊരു നിര്‍ദേശം ഉയര്‍ന്നുവന്നിരുന്നു. ഇത് കൂടി വിലയിരുത്തുന്നതിനാണ് ഇന്ന് പാര്‍ട്ടി എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നത്. എക്‌സിക്യുട്ടീവ് യോഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്‌തു.
READ MORE: സിപിഐ നിർവാഹക സമിതി യോഗം ഇന്ന്; കാനം രാജേന്ദ്രന്‍റെ അവധി അപേക്ഷ ചർച്ചയാകും
പാര്‍ട്ടിക്ക് നിലവിലുള്ള രണ്ട് അസിസ്റ്റന്‍റ് സെക്രട്ടറിമാരായ ഇ ചന്ദ്രശേഖരന്‍, പിപി സുനീര്‍ എന്നിവര്‍ സെക്രട്ടറിയുടെ ചുമതല വഹിക്കട്ടെയെന്ന് എക്‌സിക്യുട്ടീവ് യോഗം നിര്‍ദേശിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗമായ കാനം രാജേന്ദ്രന്‍റെ അവധിക്കാര്യം ദേശീയ നേതൃത്വം തീരുമാനിക്കട്ടെയെന്ന് യോഗം വിലയിരുത്തി.
രണ്ട് മാസത്തിന് ശേഷം പൂര്‍ണ ആരോഗ്യവാനായി കാനം മടങ്ങിയെത്തുമെന്നും എക്‌സിക്യുട്ടീവ് പ്രതീക്ഷ പ്രകടിപ്പിച്ചു. മൂന്നുമാസത്തേക്കാണ് കാനം അവധിക്ക് അപേക്ഷ നല്‍കിയത്. കാനത്തിന്‍റെ വിഷയം അടുത്ത മാസം ചേരുന്ന ദേശീയ നിർവാഹക സമിതിയോഗം ചർച്ച ചെയ്യും.
അതിനിടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ആരോപണത്തെ തുടർന്ന് പാര്‍ട്ടി അന്വേഷണം നേരിടുന്ന പത്തനംതിട്ട ജില്ല സെക്രട്ടറി എ പി ജയനെ തൽസ്ഥാനത്ത് നിന്ന് നീക്കി. എ പി ജയനെതിരായ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി. മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന് പത്തനംതിട്ട ജില്ല കമ്മിറ്റി സെക്രട്ടറിയുടെ ചുമതല നല്‍കാനും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
അതേസമയം കണ്ടല സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട വിഷയവും യോഗത്തിൽ ചര്‍ച്ചയായി. തിരുവനന്തപുരം ജില്ല കമ്മിറ്റി ഈ വിഷയം ചര്‍ച്ച ചെയ്‌ത രീതി ശരിയായില്ലെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ബാങ്കുമായി ബന്ധപ്പെട്ട് ധാരാളം ആരോപണങ്ങള്‍ വര്‍ഷങ്ങളായി ഉയര്‍ന്നിരുന്നിരുന്നെങ്കിലും അച്ചടക്ക സമിതി അന്വേഷണം നടത്തിയതല്ലാതെ ആ റിപ്പോര്‍ട്ടിന്മേല്‍ നടപടി ഒന്നും കൈക്കൊണ്ടിരുന്നില്ല. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടടറേറ്റ് (ഇഡി) ഭാസുരാംഗനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് എന്തെങ്കിലും വിധത്തിലുള്ള നടപടി കൈക്കൊണ്ടതെന്നും ഇത് പാര്‍ട്ടിക്ക് ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നുമാണ് യോഗത്തിന്‍റെ വിലയിരുത്തൽ.