തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അറസ്റ്റു ചെയ്‌ത സംഭവം സര്‍ക്കാരിനെയോ എല്‍ഡിഎഫിനെയോ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇപ്പോഴത്തെ അറസ്റ്റ് അന്വേഷണ ഘട്ടത്തിലുള്ള ചില നടപടികളുടെ ഭാഗമാണ്. ലൈഫ് പദ്ധതിയില്‍ കോഴ എന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ ശിവശങ്കര്‍ കുറ്റവാളിയല്ല, ആരോപണ വിധേയന്‍ മാത്രമാണ്.
ഇത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്വര്‍ണക്കടത്തു കേസ് സജീവമാക്കുക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തന്ത്രത്തിന്‍റെ ഭാഗമാണ്. അദ്ദേഹത്തെ അറസ്റ്റു ചെയ്‌തത് ഇടതു മുന്നണിയെ ബാധിക്കില്ല. ഇക്കാര്യത്തില്‍ ഇടതു മുന്നണി മറുപടി പറയേണ്ട ആവശ്യവുമില്ല.
കാരണം ശിവശങ്കര്‍ ഇടതു മുന്നണിയുടെ ഭാഗമല്ല. അറസ്റ്റില്‍ രാഷ്‌ട്രീയമുണ്ടോ എന്ന് ഇപ്പോള്‍ പറയുന്നില്ല. ഇത് മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ളതാണെന്ന് കരുതുന്നില്ലെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു. ഇന്നലെ രാത്രി 11.45നാണ് മുന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്‌തത്.
ഇതോടെ നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസുകളില്‍ ശിവശങ്കറിന്‍റെ മൂന്നാമത്തെ അറസ്റ്റാണിത്.