തിരുവനന്തപുരം : കളമശ്ശേരിയില്‍ ഒക്‌ടോബര്‍ 29ന് യഹോവാ സാക്ഷികളുടെ പ്രാര്‍ഥനാ കണ്‍വെന്‍ഷന്‍ ഹാളില്‍ നടന്ന സ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പടെയുള്ളവരുടെ ചികിത്സ ചെലവുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും (Kerala govt announces Rs 5 lakh ex-gratia for kin of deceased).
മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ:
- പിണറായി പൊലീസ് സ്റ്റേഷന് പഞ്ചായത്ത് വക സ്ഥലം
പിണറായി ഗ്രാമ പഞ്ചായത്തിന്‍റെ കൈവശമുള്ള ഭൂമിയില്‍ നിന്ന് 25 സെന്‍റ് സ്ഥലം പൊലീസ് സ്റ്റേഷന്‍ നിര്‍മാണത്തിന് വിട്ടുനല്‍കാമെന്ന ഗ്രാമപഞ്ചായത്തിന്‍റെ ശുപാര്‍ശ അംഗീകരിച്ചു.
- സര്‍ക്കാര്‍ ഗ്യാരണ്ടി
കേരള ആര്‍ട്ടി സാന്‍സ് ഡെവലപ്‌മെന്‍റ് കോര്‍പറേഷനുള്ള 6 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി കാലാവധി 2022 ഡിസംബര്‍ 21 മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്‍കും. കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന് വായ്‌പ ലഭിക്കുന്നതിന് 100 കോടി രൂപയുടെ അധിക സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ് : നവകേരള സദസിന്‍റെ സ്പെഷ്യൽ ബസിനായി ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്. ബസിനായി 1.5 കോടി അനുവദിച്ചാണ് സർക്കാർ ഉത്തരവ്. ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 10നാണ് ഇറങ്ങിയത് (Money allocation issue related to Nava Kerala Sadas special bus).
ഉത്തരവ് പ്രകാരം ഇൻഫർമേഷൻ ആന്‍റ് പബ്ലിസിറ്റി വകുപ്പിന്‍റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയിരിക്കുന്നത്. ആഡംബര ബസിന്‍റെ പണി ബെംഗളൂരുവിൽ പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ നവകേരള സദസിന് ഉപയോഗിക്കുന്നത് രൂപമാറ്റം വരുത്തിയ കെഎസ്ആർടിസി ബസാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ചുവാങ്ങിയ ഹൈബ്രിഡ് നോൺ എ സി സീറ്റർ കം സ്ലീപ്പർ ബസ് രൂപമാറ്റം വരുത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കായി വിനിയോഗിക്കും എന്നായിരുന്നു റിപ്പോർട്ട്. സീറ്റുകളുടെ എണ്ണം കുറച്ച് എ സി സ്ഥാപിക്കുകയും ചെയ്യും.
READ ALSO: നവകേരള സദസ് സ്പെഷ്യൽ ബസിനായി ഒരു കോടി ; ട്രഷറി നിയന്ത്രണം മറികടന്ന് പണം അനുവദിച്ച് സർക്കാർ ഉത്തരവ്
സ്വിഫ്റ്റ് ബസുകൾ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കിഫ്‌ബി കരാർ നിലനിൽക്കുന്നതിനാലാണ് സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച് വാങ്ങിയ ഹൈബ്രിഡ് ബസ് രൂപമാറ്റം വരുത്തുന്നതെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. ഇത്തരത്തിൽ രൂപമാറ്റം വരുത്തുന്നതിന് മാനേജ്മെന്‍റ് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തുകയും ചെയ്‌തിരുന്നു.