തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാസംഗക്കേസിലെ പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ തെളിയിക്കുന്നതിനായി പ്രതിയായ രാജന്‍റെ വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.
കേസിലെ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വാങ്ങിയെങ്കിലും അഞ്ച് പ്രതികളെയാണ് രാജന്‍റെ വീട്ടിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയത്. പ്രതികളെ ഒറ്റയ്ക്ക് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിൽ പ്രതികളിൽ നിന്നും വ്യത്യസ്‌തമായ മറുപടിയാണ് കിട്ടുന്നതെങ്കിൽ ഏഴ് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം പറഞ്ഞു. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്.വൈ.സുരേഷിന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഈ കഴിഞ്ഞ നാലിനായിരുന്നു കണിയാപുരം സ്വദേശിയായ യുവതിയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം നൽകിയതിന് ശേഷം കുട്ടിയുടെ മുന്നിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴ് പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികളെ കൊവിഡ് പരിശോധനക്ക് ശേഷമാണ് കസ്റ്റഡിയിൽ വാങ്ങിയത്. യുവതിയും മകനും നിലവില്‍ സർക്കാരിന്‍റെ മഹിളാ മന്ദിരത്തിലാണ്.