തിരുവനന്തപുരം: പാങ്ങപ്പാറ ആരോഗ്യ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്ന കിടത്തി ചികിത്സയുള്ള ആശുപത്രിയാക്കി ഓണത്തിന് ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. 37 ലക്ഷം രൂപ മുടക്കി നവീകരിച്ച ഉപകരണങ്ങൾ വാങ്ങാനുള്ള ശ്രമം തുടരുകയാണെന്നും ആശുപത്രി കെട്ടിട നിർമാണ അഴിമതിയില്‍ വിജിലൻസ് അന്വേഷണം വേണമെന്നും മന്ത്രി പറഞ്ഞു. രണ്ട് കോടി ചെലവിട്ടാണ് ആശുപത്രി കെട്ടിടം നിർമിച്ചത്.
എന്നാല്‍ വിജിലൻസ് അന്വേഷണം എന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി മുൻ എംഎല്‍എ എംഎ വാഹിദ് പറഞ്ഞു. കഴിഞ്ഞ നാലര വർഷം ആശുപത്രി കെട്ടിടം പ്രവർത്തിപ്പിക്കാത്തതില്‍ പ്രതിഷേധം ഉയർന്നപ്പോഴാണ് വിജിലൻസ് അന്വേഷണം എന്ന ആവശ്യവുമായി മന്ത്രി രംഗത്ത് എത്തിയതെന്നും എംഎ വാഹിദ് പറഞ്ഞു. ആശുപത്രി പ്രവർത്തനം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ സമരം നടത്തിയിരുന്നു. ഇതേ തുടർന്ന് സ്ഥലം സന്ദർശിച്ച ശേഷമാണ് ആശുപത്രി ഓണത്തിന് പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.