തിരുവനന്തപുരം : കേരളത്തെക്കുറിച്ച് മോശം പരാമർശം നടത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യോഗിയുടെ പരാമർശം കേരളത്തിനെതിരെയാണെന്ന് വരുത്തി തീർക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
സ്വർണക്കടത്ത് നടത്തുന്ന സർക്കാരാണ് കേരളത്തിലുള്ളത്. സർക്കാർ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സർക്കാരാണ് ഇവിടുത്തേത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വരെ സ്വർണക്കടത്ത് നടത്തുന്ന സാഹചര്യമാണ് സംസ്ഥാനത്തേത്.
പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി. പിണറായി സർക്കാരാണ് മത തീവ്രവാദികൾക്ക് എല്ലാ സഹായവും ചെയ്തുകൊടുക്കുന്നതെന്നും സുരേന്ദ്രൻ പറയുന്നു.
Also Read: 'യുപി കേരളം ആയാൽ മതത്തിന്‍റെ പേരിൽ കൊലപാതകം ഉണ്ടാകില്ല'; യോഗിക്ക് മറുപടിയുമായി പിണറായി
എല്ലാ ദിവസവും ആറ് മണിക്ക് വാര്‍ത്താസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ആദിത്യനാഥ് ചെയ്തിട്ടുള്ളൂ. കൊവിഡ് ടിപിആർ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. എന്നാൽ ഉത്തർപ്രദേശിൽ ടിപിആർ ഒരിക്കൽ പോലും 20 കടന്നിട്ടില്ല. ഒരു കൊവിഡ് മരണവും മറച്ചുവച്ചിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തെക്കുറിച്ച് മോശം പരാമർശം നടത്തിയ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിലൂടെ ഇംഗ്ലീഷിലും ഹിന്ദിയിലും ചുട്ട മറുപടി നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും യോഗിക്കെതിരെ ട്വീറ്റ് ചെയ്‌തിരുന്നു.