തിരുവനന്തപുരം : നിക്ഷേപകരെ പരിഗണിക്കുന്ന കാര്യത്തിൽ പിണറായി വിജയൻ, യോഗി ആദിത്യനാഥിനെ മാതൃകയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സി.പി.എം കേരളത്തിലെ സംരംഭകരെ അടിച്ചോടിക്കുകയാണ്. വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ മാതമംഗലത്ത് സി.ഐ.ടി.യുവിന്‍റെ ഊരുവിലക്കിനെ തുടർന്ന് സംരംഭകന് വ്യാപാര സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്ന സംഭവത്തില്‍ തിരുവനന്തപുരത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.ഐ.ടി.യുക്കാർ ഭരണത്തിൻ്റെ തണലിൽ നിയമം കൈയിലെടുക്കുകയാണ്. മാതമംഗലത്ത് സംരംഭകന് വ്യാപാര സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്നത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിൻ്റെ ഭീകരത തെളിയിക്കുന്നതാണ്.
ALSO READ: വനത്തിൽ അതിക്രമിച്ച് കടക്കൽ : ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്
സംസ്ഥാനത്തുള്ള നിക്ഷേപകർക്ക് സ്വന്തം പാർട്ടിയിൽ നിന്നും സംരക്ഷണം കൊടുക്കുകയാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ് സി.ഐ.ടി.യു. തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസായാണ് സർക്കാർ കണക്കാക്കുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.