തിരുവനന്തപുരം : പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല (K Sudhakaran will not appear before ED). ഇന്ന് എത്താൻ കഴിയില്ലെന്ന് ഇ.ഡിയെ കെ സുധാകരൻ അറിയിച്ചിട്ടുണ്ട്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ (Puthuppally by Election) പശ്ചാത്തലത്തിലും, ഇഡി ആവശ്യപ്പെട്ട സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കേണ്ടതിനാലും സമയം അനുവദിക്കണമെന്നാണ് കെ.സുധാകരൻ ആവശ്യപ്പെട്ടത്.
അടുത്ത മാസം അഞ്ചാം തീയതിക്ക് ശേഷം ഏത് ദിവസവും ഹാജരാകാമെന്നും കെ.സുധാകരൻ ഇ.ഡിയെ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ, കള്ളപ്പണക്കേസിൽ കെ.സുധാകരൻ ഇഡിക്ക് മുന്നിൽ വീണ്ടുമെത്തുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്നാണ് സൂചന.
കഴിഞ്ഞ 22-ാം തീയതി ഇതേ കേസിൽ ഒന്‍പത് മണിക്കൂറോളം സമയമാണ് കെ സുധാകരനെ ഇഡി ചോദ്യം ചെയ്‌തത്. രാവിലെ 11 മണിയോടെ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിയ അദ്ദേഹം രാത്രി 8.20നാണ് മടങ്ങിയത്. 30-ാം തീയതി വീണ്ടും ഹാജരാകാൻ ഇഡി നിർദേശിച്ചതായി കെ സുധാകരൻ തന്നെയാണ് അറിയിച്ചത്. ഇ.ഡി അന്വേഷണത്തിൽ തനിക്ക് യാതൊരു ഭയപ്പാടുമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ തവണ ഇ.ഡി ചോദിച്ച ചോദ്യങ്ങൾക്കെല്ലാം സുഖകരമായ ഉത്തരം നൽകിയെന്നും ഇഡിയും സംതൃപ്‌തരാണെന്നും കെ.സുധാകരൻ പ്രതികരിച്ചിരുന്നു. തന്‍റെ സൗകര്യ പ്രകാരമാണ് മുപ്പതാം തീയതി ഹാജരാകുന്നതെന്നും ഇതോടെ താനുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ കഴിയുമെന്നുമായിരുന്നു സുധാകരൻ വ്യക്തമാക്കിയിരുന്നത്.
പുരാവസ്‌തു തട്ടിപ്പ് കേസിലെ പരാതിക്കാർ ഇഡിക്ക് നൽകിയ മൊഴിയിലും ചില സാക്ഷി മൊഴികളിലും സുധാകരനെതിരായ പരാമർശങ്ങൾ ഉണ്ടായിരുന്നു. പുരാവസ്‌തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളുമായി മുന്നോട്ടുപോയ സാഹചര്യത്തിൽ കൂടിയായിരുന്നു ഇഡിയും സുധാകരനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.
അതേസമയം ഇഡിക്ക് സുധാകരനെതിരെ ശക്തമായ മൊഴികൾ ലഭിച്ചതായാണ് സൂചന. ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങൾ ഉൾപ്പടെ, 10 വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഹാജരാക്കാനും കെ സുധാകരനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. മോൻസൺ മാവുങ്കലിന്‍റെ കലൂരിലെ വീട്ടിൽ വച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസണിന്‍റെ മുൻ ജീവനക്കാരൻ ഇഡിക്ക് മൊഴി നൽകിയിരുന്നു.
2018 നവംബറിലാണ് പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകിയിട്ടുണ്ട്. ഇതടക്കമുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡി സുധാകരനെ വിശദമായി ചോദ്യം ചെയ്‌തത്. കെ സുധാകരൻ നൽകിയ വിവരങ്ങൾ വിശകലനം ചെയ്‌താണ് വീണ്ടും ഇഡി ചോദ്യം ചെയ്യുക.