തിരുവനന്തപുരം : കെ സുധാകരനെ കെപിസിസി പ്രസിഡന്‍റായി നിയമിച്ചു. രാഹുൽ ഗാന്ധിയാണ് പുതിയ പദവിയെ സംബന്ധിച്ചുള്ള വിവരം കെ സുധാകരനെ അറിയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാനത്ത് നടത്തുന്ന രണ്ടാമത്തെ മേജര്‍ സര്‍ജറിയാണ് കെ.സുധാകരന്‍റെ കെപിസിസി പ്രസിഡന്‍റ് നിയമനം.
ഭൂരിപക്ഷ താൽപ്പര്യത്തെ തുണച്ച് ഹൈക്കമാന്‍ഡ്
പാര്‍ട്ടി പരാജയം പഠിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക് ചവാന്‍ കമ്മിറ്റി നല്‍കിയ ശുപാര്‍ശയും കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്‍റെ ഉറച്ച നിലപാടുകളും കെപിസിസി അധ്യക്ഷ പദത്തിലെത്താന്‍ സുധാകരന് തുണയായി.
കെ സുധാകരനെ പ്രസിഡന്‍റാക്കണമെന്ന,കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം നേതാക്കളുടെയും എംപിമാരുടെയും എംഎല്‍എമാരുടെയും അഭിപ്രായവും ഹൈക്കമാന്‍ഡ് പരിഗണിച്ചു.
Read More:കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തില്‍, ഗ്രൂപ്പ് അതികായരെ മറികടന്ന് കെപിസിസിയുടെ അമരത്ത്
നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമേറ്റുവാങ്ങിയ സാഹചര്യത്തില്‍ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ഇനിയും കടിച്ചുതൂങ്ങുന്നത് ശക്തമായ ഇടങ്ങളില്‍ കൂടി കോണ്‍ഗ്രസിനെ ദുര്‍ബ്ബലമാക്കുമെന്ന തിരിച്ചറിവും സുധാകരന് അനുകൂലമായി. വരുന്ന പാര്‍ലമെന്‍റ്- നിയമസഭ തെരഞ്ഞെടുപ്പുകളിൽ പാര്‍ട്ടിയെ സജ്ജമാക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് സുധാകരന് മുന്നില്‍ രാഹുല്‍ ഗാന്ധി വയ്ക്കുന്നത്.
Also Read:'ഗ്രൂപ്പല്ല പാർട്ടി മുഖ്യം' ; കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് കെ സുധാകരൻ
ഏത് പ്രതിസന്ധി ഘട്ടങ്ങളിലും പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ശൈലിയാണ് സുധാകരനെ കണ്ണൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് അണികളുടെ പ്രിയങ്കരനായ നേതാവാക്കിയത്. പിണറായി വിജയന്‍റെ നേതൃത്വത്തില്‍ സി.പി.എം കേരളത്തില്‍ തുടര്‍ഭരണം നേടി ജൈത്രയാത്ര തുടരുമ്പോള്‍ അതിന് തടയിടുകയെന്നതാണ് സുധാകരനിലൂടെ ഹൈക്കമാന്‍ഡ് ലക്ഷ്യം വയ്ക്കുന്നത്.
പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ശൈലിയും ഗ്രൂപ്പിനതീതമായി പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വീകാര്യതയും കേരളത്തിൽ പാർട്ടിക്ക് പുത്തന്‍ ഉണര്‍വ്വാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.