തിരുവനന്തപുരം : സിപിഎമ്മിന്‍റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, ജനാധിപത്യത്തിനെതിരെ ഉണ്ടായ ഫാസിസ്റ്റ് കടന്നു കയറ്റത്തിനെതിരെ ആണെന്ന എം വി ഗോവിന്ദന്‍റെ പ്രസ്‌താവനക്കെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. രാഹുൽ ഗാന്ധിക്ക് സിപിഎം പിന്തുണ ഉണ്ടാകുമെന്ന് കോൺഗ്രസ് മോഹിക്കുകയോ ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്‌തിരുന്നില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വ്യക്തമാക്കി. കാലത്തിനും സാഹചര്യത്തിനും അനുസരിച്ച് മാറുന്ന സ്വഭാവം സിപിഎമ്മിനും ഉണ്ട്. ഞങ്ങൾക്ക് അതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിന് അല്ലെങ്കിൽ പിന്നെ ആർക്കാണ് സിപിഎം പിന്തുണ നൽകിയത്. ആർക്ക് അനുകൂലമായിട്ടാണ് സിപിഎമ്മിന്‍റെ പ്രസ്‌താവന. രാഹുലിനല്ല പിന്തുണ എന്ന് പറയുന്നുവെങ്കിൽ എം വി ഗോവിന്ദന്‍റെ ബുദ്ധിക്ക് സാരമായ പ്രശ്‌നമുണ്ട്. രാഹുൽ ഗാന്ധിക്കാണ് പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ എന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിന്‍റെ പ്രവർത്തകരും കുട്ടികളും ഒരുപാട് അക്രമം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്തിനാണ് സംസ്ഥാനത്ത് പൊലീസ് അക്രമം അഴിച്ചു വിടുന്നത്. രാഷ്ട്രീയ കാരണങ്ങൾ കൊണ്ട് സമരം ചെയ്യുന്ന കുട്ടികൾക്കെതിരെ ഭീകരമായ അക്രമം അഴിച്ചു വിടുന്നത് എന്തിനാണെന്നും കെ സുധാകരൻ ചോദിച്ചു. രാഹുൽ ഗാന്ധിക്കല്ല പിന്തുണ ജനാധിപത്യത്തിന് എതിരെ ഉണ്ടായ ഫാസിസ്റ്റ് കടന്നു കയറ്റത്തിനെതിരെ ആണെന്ന് കഴിഞ്ഞ ദിവസം എം വി ഗോവിന്ദൻ ഡൽഹിയിൽ പറഞ്ഞിരുന്നു.
ബിജെപി ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുന്നു: ഇന്ത്യൻ ജനാധിപത്യത്തെ ബിജെപി കൈയിലെടുത്ത് അമ്മാനമാടുകയാണെന്നും കെ സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ മോദി സർക്കാർ നടത്തുന്ന ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികൾക്ക് എതിരെയുള്ള കെപിസിസിയുടെ സത്യഗ്രഹത്തിൽ കെ സുധാകരൻ സംസാരിച്ചു. വിമർശിക്കാൻ അവസരമില്ലെങ്കിൽ അത് ജനാധിപത്യമല്ല. ജനാധിപത്യത്തിന്‍റെ ശവക്കുഴി തോണ്ടുകയാണ് ബിജെപി എന്നും അദ്ദേഹം ആരോപിച്ചു.
ജനാധിപത്യത്തിന്‍റെ ആത്മാവ് വിമർശനമാണ്. ഇതിലും വലിയ പ്രതിസന്ധി കോൺഗ്രസ് തരണം ചെയ്‌തിട്ടുണ്ട്. കോൺഗ്രസ് നടത്തിയ പോരാട്ടത്തിന്‍റെ ഏഴയലത്തെത്താൻ ബിജെപിക്ക് ഒരിക്കലും കഴിയില്ല. ജനശക്തിക്ക് മുന്നിൽ ഏകാധിപത്യ ഭരണകൂടം തല കുനിക്കും എന്നും കെ സുധാകരൻ പറഞ്ഞു.
എന്താണ് രാഹുൽ ഗാന്ധിക്ക് എതിരായ കുറ്റം എന്നത് അവ്യക്തമാണ്. പിടിച്ചു കെട്ടാം എന്ന് കരുതേണ്ട. തകർന്നുപോകുന്നവരല്ല കോൺഗ്രസ്. സൂര്യന്‍ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തത്തോട് നിരായുധരായി പോരാടിയ ചരിത്രമുള്ള കോൺഗ്രസിനെ ചൂട്ടു കാട്ടി പേടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ ഗാന്ധി പഴയെ രാഹുൽ ഗാന്ധിയല്ല. ഇന്ത്യയുടെ രക്ഷകനായി ജനം പ്രതീക്ഷയോടെ കാണുന്നയാളാണ്. സാഹചര്യത്തിന്‍റെ സമ്മർദം കൊണ്ടാണ് സിപിഎം പോലും കോൺഗ്രസിനോട് സഹകരിച്ചത്. അല്ലാതെ കൂറ് കൊണ്ടല്ലെന്നും അദ്ദേഹം വിമർശിച്ചു.
ഈ നാടിനെ ഇന്നത്തെ നിലയിലാക്കാൻ മാംസവും മജ്ജയും നൽകിയ പാർട്ടിയാണ് കോൺഗ്രസ്. ബിജെപി എന്ത് സംഭാവനയാണ് രാജ്യത്തിന് നൽകിയത്. ഞങ്ങൾ ഉണ്ടാക്കിയ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുകയാണ് ഇവർ. കോൺഗ്രസ് അതീവ ശക്തിയോടെ തിരിച്ചു വരും. അതിന്‍റെ ഉത്തരവാദിത്വം ഓരോ പ്രവർത്തകരും ഏറ്റെടുക്കണമെന്നും കെ സുധാകരൻ വ്യക്തമാക്കി.
ഈ നാടിനെ നാട് ആക്കിയത് ഞങ്ങൾ ആണ്. ഉയർന്നു വരുന്ന ജനരോഷത്തിനു മുന്നിൽ കേന്ദ്ര സർക്കാർ അടിയറവ് വയ്‌ക്കേണ്ടി വരും. ഈ പ്രതിസന്ധിയുടെ മതിൽക്കെട്ടുകൾ തകർത്തെറിഞ്ഞ് കോൺഗ്രസ് മുന്നോട്ട് വരുമെന്നും കെ സുധാകരൻ പറഞ്ഞു.