തിരുവനന്തപുരം: സ്പ്രിംഗ്ലർ ഇടപാടിൽ ഡാറ്റ ചോർച്ച സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ. കേരളം കണ്ട വലിയ അഴിമതിയാണ് സ്പ്രീംഗ്ലർ. ഇടപാടിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച മാധവൻ നമ്പ്യാർ കമ്മിറ്റി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടിയാണെന്നും ചെന്നിത്തല ആരോപിച്ചു. മാധവൻ നമ്പ്യാർ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണം. വിവരാവകാശം വഴി ചോദിച്ചപ്പോൾ മാത്രമാണ് റിപ്പോർട്ട് ലഭ്യമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാധവൻ നമ്പ്യാർ റിപ്പോർട്ട് പഠിക്കാൻ സമിതിയെ നിയോഗിച്ചത് സർക്കാരിനെ വെള്ളപൂശാൻ വേണ്ടിയാണ്. വിദേശ കമ്പനി കൊണ്ടുപോയ ആരോഗ്യ ഡാറ്റ എന്തു ചെയ്തു എന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണെന്നും ചെന്നിത്തല ആരോപിച്ചു.
അതേസമയം പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ പുതുമയുള്ളതല്ലെന്നും ജുഡീഷ്യൽ അന്വേഷണം ആവശ്യമില്ലെന്നും മന്ത്രി ഇ.പി ജയരാജൻ മറുപടി നൽകി. തുടർന്ന് മന്ത്രിയുടെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.