തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടനക്കേസിന്‍റെ യഥാര്‍ത്ഥ വസ്‌തുതകള്‍ പുറത്തു കൊണ്ടുവരുന്നതിന് ഏതു തരത്തിലുള്ള സഹായം നല്‍കാനും കേന്ദ്രം തയ്യാറെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ (JP Nadda On Kalamassery Blast). സംസ്ഥാന സര്‍ക്കാരിനെതിരെ എന്‍ഡിഎ കേരള ഘടകം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ഉപരോധം (Secretariat blockade) ഉദ്ഘാടനം ചെയ്യുകയായിരുന്നു നദ്ദ.
2022 ല്‍ തന്നെ കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികളോട് മൃദു സമീപനമാണ് പുലര്‍ത്തുന്നതെന്ന് താന്‍ പറഞ്ഞിരുന്നു. അക്കാര്യത്തിന് അടിവരയിടുന്നതാണ് ഇപ്പോഴത്തെ സംഭവം. മലപ്പുറത്ത് സോളിഡാരിറ്റി സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ഭീകര സംഘടനയായ ഹമാസിന്‍റെ മുന്‍ തലവന്‍ പ്രസംഗിച്ചത് അതീവ ഗൗരവമുള്ള കാര്യമാണ്. സമാധാനത്തോടെ ജീവിക്കാനാഗ്രഹിക്കുന്ന ജനങ്ങളുള്ള കേരളത്തില്‍ സര്‍ക്കാര്‍ ഭീകരര്‍ക്ക് എല്ലാ സഹായവും ചെയ്‌തു കൊടുക്കുകയാണെന്ന് നദ്ദ ആരോപിച്ചു.
പിണറായി സര്‍ക്കാര്‍ തീര്‍ത്തും അഴിമതിയിലും സ്വജനപക്ഷപാതത്തിലും ദുര്‍ഭരണത്തിലും മുങ്ങിത്താണിരിക്കുകയാണെന്ന് നദ്ദ ആരോപിച്ചു. പിണറായി വിജയന്‍റെ പ്രിയപ്പെട്ട മകള്‍ ഉള്‍പ്പെട്ട സ്വകാര്യ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി കഥകളാണ് പുറത്തു വരുന്നത്. കരുവന്നൂര്‍ സഹകരണ സംഘത്തിലെ 300 കോടി രൂപയുടെ തട്ടിപ്പില്‍ മുന്‍ മന്ത്രി, മുന്‍ എംഎല്‍എ എന്നിവരിലേക്കാണ് ആരോപണം നീളുന്നത്.
ഇത് പാവപ്പെട്ടവരുടെ പണമാണ്. തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പമാണ് ഈ സര്‍ക്കാര്‍. താഴെ മുതല്‍ മുകള്‍ത്തട്ടുവരെ ഈ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താണിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികള്‍ ഒന്നൊന്നായി ഈ സര്‍ക്കാര്‍ അട്ടിമറിക്കുന്നു. 72 ലക്ഷം ജല്‍ ജീവന്‍ കണക്ഷനുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചപ്പോള്‍ കേരളം 6.2 ലക്ഷം കണക്ഷന്‍ മാത്രമാണ് നല്‍കിയത്. ദേശീയപാത 66 പദ്ധതിക്ക് കേന്ദ്രം മുന്നോട്ടു വന്നപ്പോള്‍ സ്ഥലം ഏറ്റെടുത്തു നല്‍കുന്നതിലടക്കം സംസ്ഥാന സര്‍ക്കാര്‍ വീഴ്‌ച വരുത്തി.
സംസ്ഥാനത്ത് മയക്കു മരുന്നിന്‍റെയും മദ്യത്തിന്‍റെയും ഉപഭോഗം വര്‍ധിച്ചു വരികയാണ്. സ്ത്രീ സുരക്ഷ തീര്‍ത്തും ഇല്ലാതായി. ജനങ്ങളെ രക്ഷിക്കേണ്ടവര്‍ അവരെ ഭക്ഷിക്കുന്ന സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളതെന്നും നദ്ദ ആരോപിച്ചു. കെ.സുരേന്ദ്രന്‍, സികെ പത്മനാഭന്‍, എപി അബ്‌ദുളക്കുട്ടി, തുഷാര്‍ വെള്ളാപ്പള്ളി, സി.കെ. ജാനു, ടോം വടക്കന്‍, ഒ. രാജഗോപാല്‍, ശോഭാ സുരേന്ദ്രന്‍, പികെ കൃഷ്‌ണദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇന്നലെ രാവിലെ (29-10-23) ഒൻപത് മണിയോടെയാണ് കളമശ്ശേരി സാമ്രാ കൺവെൻഷൻ സെന്‍ററില്‍ വൻ സ്ഫോടനമുണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷനിടെയാണ് സ്ഫോടനം. സ്ഫോടനത്തിലെ പ്രതി പൊലീസിന് കീഴടങ്ങിയിരുന്നു. തെളിവുകൾ പ്രതി തന്നെ പൊലീസിന് കൊടുത്തു. കളമശ്ശേരി സ്‌ഫോടനത്തിൽ ഇതുവരെ മരണപ്പെട്ടതവരുടെ എണ്ണം മൂന്നായി. നിലവിൽ ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ആകെ 16 പേരാണ് ചികിത്സയിലുള്ളത്. കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് - 8 പേര്‍, സൺറൈസ് ഹോസ്‌പിറ്റൽ - 2 പേര്‍, രാജഗിരി ഹോസ്‌പിറ്റൽ - 4 പേര്‍ (വെന്‍റിലേറ്ററിൽ -1) ആസ്റ്റർ മെഡിസിറ്റി - 2 പേര്‍ എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നത്.
ALSO READ: കളമശ്ശേരി സ്‌ഫോടനം; മതവിദ്വേഷ പ്രചാരണത്തിന് ആദ്യ കേസ് പത്തനംതിട്ടയിൽ