തിരുവനന്തപുരം: കരമനയിൽ കൂടത്തിൽ ഉമാമന്ദിരം വീട്ടിലെ ദുരൂഹ മരണങ്ങളും സ്വത്തു തട്ടിപ്പും അന്വേഷിക്കാൻ ഡിസിപിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെ നിയോഗിച്ചു. മരണങ്ങളിൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യില്ല. ആദ്യഘട്ടത്തിൽ സ്വത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണമാണ് നടത്തുക. കാര്യസ്ഥൻ രവീന്ദ്രൻ ഉൾപ്പെടെ 12 പേരാണ് പ്രതികൾ.
കുടുംബത്തിന്റെ സ്വത്തുക്കൾ തിട്ടപ്പെടുത്തുന്നതിനും കൈമാറ്റ രേഖകൾ പരിശോധിക്കാനും റവന്യൂ വകുപ്പിന്റെ സഹായം തേടും. വിൽപ്പത്രം ഉൾപ്പെടെയുള്ളവ വ്യാജമാണോ എന്ന് പരിശോധിക്കും.
കുടുംബാംഗമായ പ്രസന്ന കുമാരിയുടെ പരാതിയിൽ സ്വത്തുക്കൾ തട്ടിയെടുത്തത് മൂന്ന് തരത്തിലാണെന്ന് വ്യക്തമാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ആദ്യം ജയമാധവൻ നായർ ജീവിച്ചിരിക്കെ സ്വത്ത് തർക്കത്തിൽ കോടതിയിൽ കേസ് നൽകി. പിന്നീട് ഒത്തുതീർപ്പിലെത്തി ഭൂമി വീതിച്ചെടുത്തു. രണ്ടാമത് ഭൂമി വിറ്റ് കാര്യസ്ഥൻ പണമാക്കി. മൂന്നാമത് വിൽപ്പത്രത്തിലൂടെ ഭൂമിയും വീടും സ്വന്തമാക്കിയെന്നും എഫ്ഐആറിൽ പറയുന്നു.