തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ഐ.എൻ.ടി.യു.സി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിൽ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ. ഐ.എൻ.ടി.യു.സി കോൺഗ്രസിൻ്റെ പോഷക സംഘടനയല്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
പ്രതിഷേധം സംഘടിപ്പിച്ച രണ്ട് ജില്ലകളിലെയും പ്രസിഡൻറുമാരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ലഭിച്ചാലുടൻ നടപടി സ്വീകരിക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനുമായി നടന്ന ചർച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. സംസ്ഥാന കോൺഗ്രസിലെ സമുന്നതരായ നേതാക്കൾ എന്ന നിലയിൽ കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവും സ്വീകരിക്കുന്ന നിലപാടുകളിൽ വ്യക്തതക്കുറവ് വന്നാൽ അത് ചർച്ച ചെയ്ത് പരിഹരിക്കും.
വി.ഡി സതീശനുമായുള്ള പ്രശ്നങ്ങൾ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ചർച്ചയിൽ പൂർണ തൃപ്തരാണ്. നിലവിലുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു. കെ.പി.സി.സി യുടെ നിലപാട് പൂർണമായും ഉൾക്കൊള്ളുന്നു. ദേശീയ അടിസ്ഥാനത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസും, ഐ.എൻ.ടി.യു.സിയും ചേർന്ന് സബ് കമ്മിറ്റി രൂപീകരിക്കും.
യഥാസമയത്ത് കൃത്യമായി പ്രവർത്തനവും ബന്ധവും വിലയിരുത്തും. അതേസമയം ഐ.എൻ.ടി.യു.സിയും കോൺഗ്രസും ഒരുമിച്ച് പോകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ഐ.എൻ.ടി.യു.സിയെ കോൺഗ്രസിനൊപ്പം നിർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.