കുറഞ്ഞ ചെലവിൽ പാവപ്പെട്ടവർക്ക് വിജയകരമായ വന്ധ്യതാ ചികിത്സയുമായി തിരുവനന്തപുരം ഗവൺമെന്‍റ് എസ് എ ടി ആശുപത്രി. വന്ധ്യതാ ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുമ്പോഴാണ് എസ് എ ടി സൗജന്യനിരക്കിൽ ഈ ചികിത്സ പ്രാപ്യമാക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ അടക്കം വർഷങ്ങൾ കൊണ്ട് ചികിത്സ തേടിയവരുടെ സ്വപ്നങ്ങളാണ് ഈ സർക്കാർ ആശുപത്രിയിലൂടെ ഫലപ്രാപ്തിയിൽ എത്തുന്നത്.
2012 മുതൽ അത്യന്താധുനിക ചികിത്സാ സംവിധാനങ്ങളോടെ പൂർണ്ണസജ്ജമാണ് എസ് എ ടിയുടെ വന്ധ്യതാ ചികിത്സാ വിഭാഗം. ഇതുവഴി നിരവധി സാധാരണക്കാരുടെ സ്വപ്നമാണ് കുറഞ്ഞ ചെലവിൽ സാധ്യമായത്. സ്വകാര്യ ആശുപത്രികൾ ഓരോ തവണയും ലക്ഷങ്ങൾ ഈടാക്കുന്ന ചികിത്സകളെല്ലാം മികച്ചരീതിയിൽ വർഷങ്ങളായി എസ് എ ടി ലഭ്യമാക്കുന്നുണ്ട് .
സംസ്ഥാനത്ത് 15% ദമ്പതിമാർ വർഷംതോറും വന്ധ്യതയ്ക്ക് ചികിത്സ തേടുന്നു എന്നാണ് അനൗദ്യോഗിക കണക്ക് . വിവിധ ചികിത്സാ രീതികൾക്ക് സ്വകാര്യ ആശുപത്രികൾ ലക്ഷങ്ങൾ ഈടാക്കുമ്പോൾ സാധാരണക്കാർക്ക് താങ്ങാവുന്ന തുക മാത്രമാണ് എസ് എ ടി ഈടാക്കുന്നത്. എസ് എ ടിയിലെ ഐ വി എഫ് ചികിത്സയുടെ വിജയശതമാനം ഉയർന്നതാണ് എന്നത് വെറും അവകാശവാദമല്ല. ചികിത്സ തേടിയവരുടെ അനുഭവമാണത്.