തിരുവനന്തപുരം: പെട്രോളും ഡീസലും ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നത് ഇന്ധനവില വര്‍ധനവിന് പരിഹാരമല്ലെന്ന് നിയമസഭയില്‍ ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര സര്‍ക്കാരിന്‍റെ അശാസ്ത്രീയ നികുതി പിരിവ് ഒഴിവാക്കിയാല്‍ മാത്രമേ വില നിയന്ത്രിക്കാന്‍ കഴിയൂ. സംസ്ഥാനം പിരിക്കുന്നതിന്‍റെ ഇരട്ടി നികുതിയാണ് കേന്ദ്രം പിരിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
പെട്രോളിയം ഉത്‌പന്നങ്ങള്‍ ചരക്ക് സേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവന്ന് അമിതവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നപടി സ്വീകരിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത്. നികുതിയ്ക്ക് മേല്‍ നികുതിയാണ് സംസ്ഥാനം ഏര്‍പ്പെടുത്തുന്നതെന്നും ഇത് സാമാന്യ നീതിയ്ക്ക് നിരക്കാത്തതാണെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
ALSO READ: ഉത്ര വധക്കേസ് : സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം അധികതടവും അഞ്ച് ലക്ഷം പിഴയും
എന്നാല്‍, ഇന്ധന വില നിര്‍ണയാധികാരം സംസ്ഥാന സര്‍ക്കാരിനല്ലെന്ന് ധനമന്ത്രി മറുപടി നല്‍കി. കമ്പോള വിലയേക്കാള്‍ ഉയര്‍ന്ന വിലയാണ് കേന്ദ്രം ഈടാക്കുന്നത്. അശാസ്ത്രീയമായ കേന്ദ്ര നികുതിയാണ് സംസ്ഥാനത്തെ ഉയര്‍ന്ന വിലയ്ക്ക് കാരണമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
ഇന്ധന നികുതി കേന്ദ്രവുമായി പങ്കുവക്കുന്നുവെന്ന് ധനമന്ത്രി തന്നെ നേരത്തെ നിയമസഭയില്‍ വ്യകതമാക്കിയതാണെന്ന് തിരുവഞ്ചൂര്‍ ഓര്‍മിപ്പിച്ചു. എന്നാല്‍, ബേസിക് എക്സൈസ് ഡ്യൂട്ടിയാണ് കേന്ദ്രവുമായി പങ്കുവയ്ക്കുന്നതെന്നും അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടി കേന്ദ്രം പങ്കുവയ്ക്കാറില്ലെന്നും കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.