തിരുവനന്തപുരം: നഗരസഭ വളപ്പിൽ നിർമ്മിച്ച മൾട്ടി ലെവൽ കാർ പാർക്കിംഗിൻ്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും.
102 കാറുകൾ ഓരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് മൾട്ടി ലെവൽ കാർ പാർക്കിംഗിലുഉള്ളത്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു കോടിയോളം രൂപ ചെലവിലാണ് പുതിയ സംവിധാനം. മൾട്ടി ലെവൽ കാർ പാർക്കിംഗ് സംവിധാനം നിലവിൽ വരുന്നതോടെ നഗരസഭയിൽ ദീർഘനാളായി അനുഭവിക്കുന്ന പാർക്കിംഗ് പ്രശ്നത്തിന് പരിഹാരമാകും.
നഗരത്തിൽ മെഡിക്കൽ കോളജിലും പുത്തരിക്കണ്ടം മൈതാനത്തും മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഉടൻ പ്രവർത്തന സജ്ജമാകും. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി പാളയം സാഫല്യം ഷോപ്പിംഗ് കോംപ്ലക്സിന് സമീപവും മൾട്ടി ലെവൽ കാർ പാർക്കിംഗ് കേന്ദ്രം നിർമ്മിക്കും. ഇതിൻ്റെ തറക്കല്ലിടൽ ചടങ്ങും മുഖ്യമന്ത്രി നിർവ്വഹിക്കും.