തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. രണ്ടാം തരംഗത്തില്‍ തീക്ഷ്‌ണമായ രോഗ വ്യാപനമാണ് നടക്കുന്നത്. ഒരാളിൽ നിന്ന് പത്തോ പതിനഞ്ചോ പേരിലേക്ക് പെട്ടെന്ന് രോഗം വ്യാപിക്കുന്ന അവസ്ഥയാണ് കടന്നു വരുന്നത്. അടുത്ത രണ്ടാഴ്‌ച വളരെ നിര്‍ണായകമായതിനാല്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ്, കര്‍ഫ്യൂ പോലെയുള്ള കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് നിബന്ധനകള്‍ പാലിക്കുന്നതില്‍ കാര്യമായ വീഴ്ചയുണ്ടായിട്ടുണ്ട്. അതിൻ്റെ ഫലം കൂടിയാണ് ഇന്നത്തെ തീവ്ര രോഗവ്യാപനം. കടുത്ത നിയന്ത്രണങ്ങളിലൂടെ മാത്രമേ മേയ് രണ്ടാം തീയതി വോട്ടെണ്ണല്‍ പ്രക്രിയ നടത്താവൂ എന്നും ഐ.എം.എ ആവശ്യപ്പെട്ടു.
കൊവിഡ് വൈറസുകളുടെ ജനിതക മാറ്റം സംബന്ധിച്ച വിശദമായ പഠനം കേരളത്തിലും നടത്തണം. ആർ.ടി.പി.സി.ആർ പരിശോധന വർധിപ്പിക്കണം. ദിനംപ്രതി ഒരുലക്ഷത്തിലധികം പരിശോധന നടത്തണം. എങ്കില്‍ മാത്രമേ പരാമാവധി രോഗബാധിതരെ തിരിച്ചറിഞ്ഞ് മാറ്റിപ്പാര്‍പ്പിക്കാന്‍ സാധിക്കുകയുള്ളുവെന്നും ഐ.എം.എ അറിയിച്ചു.
വാക്‌സിനേഷന്‍ വേഗത്തില്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കണം. വാക്‌സിന്‍ ലഭ്യത കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഉറപ്പുവരുത്തണം. കൂടുതല്‍ വാക്‌സിനേഷന്‍ സെന്‍ററുകള്‍ സ്വകാര്യമേഖലയില്‍ അടക്കം അനുവദിക്കുകയും തിരക്ക് പരമാവധി ഒഴിവാക്കണമെന്നും ഐ.എം.എ ആവശ്യപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ എം.ബി.ബി.എസ്., ബിരുദാനന്തര ബിരുദ പരീക്ഷകള്‍ മാറ്റിവെച്ച നടപടി പുന:പരിശോധിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.