തിരുവനന്തപുരം: നിർധനയായ വീട്ടമ്മയെ ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിച്ചേർക്കാതെ വീട്ടിലേക്കയച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷൻ. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്‌റ്റിസ് ആന്‍റണി ഡൊമിനിക്കാണ് സംഭവത്തിൽ അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകിയത്. നാലാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. റിപ്പോർട്ട് പഠിച്ചതിന് ശേഷം കമ്മീഷൻ കേസ് ഏപ്രിൽ 17 ന് പരിഗണിക്കും.
സംഭവം ഇങ്ങനെ: പത്തനാപുരം മുല്ലൂർ നിരപ്പ് സ്വദേശിനി കെ.ഷീബയെ ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തുന്നിക്കെട്ടിയില്ലെന്നതാണ് പരാതി. പൊതുപ്രവർത്തകനായ ജി.എസ് ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷന്‍റെ നടപടി. കുവൈറ്റിലായിരുന്ന ഷീബ കൊവിഡ് കാലഘട്ടത്തിലായിരുന്നു നാട്ടിലെത്തിയത്. വയറുവേദനയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗർഭാശയ മുഴയാണെന്ന് മനസിലായത്. തുടർന്ന് കൊല്ലത്തെ സ്വകാര്യാശുപത്രിയിൽ നിന്നും ഗർഭാശയ നീക്കം ചെയ്യൽ ശസ്ത്രക്രിയ നടത്തി.
തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളജിലും ചികിത്സ നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തി നടത്തിയ ചികിത്സയ്ക്ക് ശേഷം രണ്ട് മാസങ്ങൾക്ക് ശേഷം വീണ്ടും വയറുവേദനയുണ്ടായ ഷീബ വീണ്ടും മെഡിക്കൽ കോളജിലെത്തിയാണ് പഴുപ്പ് നീക്കാൻ വയർ കീറി ശസ്ത്രക്രിയയ്ക്ക് വിധേയമായത്. ശസ്ത്രക്രിയയ്ക്ക് ശേഷം വയർ തൂണിക്കെട്ടാതെ ഷീബയെ ബസ് കയറ്റി വീട്ടിലേക്ക് വിടുകയായിരുന്നു. അതേസമയം ആന്‍റിബയോട്ടിക്കുകൾ ഫലപ്രദമാകാതിരുന്നാൽ ശസ്ത്രക്രിയ ചെയ്‌ത വയർ തുറന്നിട്ട് പഴുപ്പ് മാറ്റുന്ന രീതി സാധാരണമാണെന്നാണ് ആശുപത്രി അധികൃതരുടെ വാദം.
വിഷയം സഭയിലും: നിയമസഭ സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം പത്തനാപുരം എംഎൽഎ കെ.ബി ഗണേഷ് കുമാർ വിഷയം സഭയില്‍ അവതരിപ്പിച്ചിരുന്നു. ഡോക്‌ടറുടെ പേരെടുത്ത് പറഞ്ഞ അദ്ദേഹം സംഭവം പൊലീസിനെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും പറഞ്ഞിരുന്നു. വിഷയം താന്‍ ആരോഗ്യമന്ത്രിയെ അറിയിച്ചുവെന്നും മന്ത്രിയും മെഡിക്കല്‍ കോളജ് സൂപ്രണ്ടുമെല്ലാം നല്ലരീതിയില്‍ പ്രതികരിച്ചുവെന്നും അദ്ദേഹം സഭയില്‍ അറിയിച്ചു. വിഷയത്തിൽ ചില ഡോക്‌ടർമാർക്ക് അടി കിട്ടേണ്ട കുറവുണ്ടെന്ന ഗണേഷ് കുമാറിന്‍റെ പരാമർശം വലിയ വിവാദവുമായിരുന്നു. കൂടാതെ പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവവും എംഎല്‍എ സഭയില്‍ ഉന്നയിച്ചിരുന്നു. നിലവില്‍ കൊച്ചിയിലെ ആസ്‌റ്റർ മെഡി സിറ്റിയിൽ ഷീബയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗണേഷ് കുമാർ എംഎൽഎ യുടെ ഇടപെടൽ കാരണം ആസ്‌റ്റർ മെഡിസിറ്റിയാണ് ഷീബയുടെ ചികിത്സ ചിലവ് ഏറ്റെടുത്തിരിക്കുന്നത്.
എന്നാൽ നിയമസഭയിലെ പരാമർശത്തിൽ ഗണേഷ് കുമാറിനെതിരെ ഡോക്‌ടർമാരുടെ സംഘടന കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. സംസ്ഥാനത്ത് ഡോക്‌ടർമാർക്കെതിരെ ഉണ്ടാകുന്ന അക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ എംഎൽഎ യുടെ പ്രതികരണം കലാപാഹ്വാനമാണെന്നും പൊതുസമൂഹത്തോടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രസ്‌താവിച്ചിരുന്നു.
മുമ്പ് 'കത്രിക': 2017 നവംബര്‍ 30നാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്‌ത്രക്രിയക്കിടെ അടിവാരം സ്വദേശി ഹര്‍ഷിനയുടെ വയറിനുളളില്‍ ഡോക്‌ടറുമാര്‍ കത്രിക മറന്നുവച്ച സംഭവം നടക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം വയറുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സിടി സ്‌കാനിങിലാണ് മൂത്രസഞ്ചിയില്‍ ശസ്‌ത്രക്രിയക്ക് ഉപയോഗിക്കുന്ന ഉപകരണം തറച്ച് നില്‍ക്കുന്നത് കണ്ടെത്തുന്നത്. സംഭവം വിവാദമായതോടെ അഞ്ച് വര്‍ഷം മുമ്പ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. സംഭവത്തില്‍ ആദ്യം അന്വേഷണം നടത്തിയ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും അതിനാണ് വിശദമായ ശാസ്‌ത്രീയ അന്വേഷണം നടത്താന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതെന്നും മന്ത്രി അന്ന് വ്യക്തമാക്കിയിരുന്നു.