തിരുവനന്തപുരം: സര്‍ക്കാര്‍ കൊവിഡ് സെല്ലിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്‌ത രോഗിയിൽ നിന്ന് അധിക തുക ഈടാക്കിയ സ്വകാര്യ ആശുപത്രിക്ക് അധിക തുകയുടെ 10 മടങ്ങ് പിഴയിട്ട് ജില്ല മെഡിക്കൽ ഓഫിസർ. മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻ്റണി ഡൊമിനിക്കിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ 15 ദിവസത്തിനകം വിശദീകരണം നൽകാനും ആശുപത്രിക്ക് നോട്ടീസ് നൽകി.
വട്ടിയൂർക്കാവ് സ്വദേശി ഭുവനേന്ദ്രൻ എന്ന രോഗിയിൽ നിന്ന് പോത്തൻകോട് ശുശ്രുത ആശുപത്രിയാണ് 1,42,708 രൂപ ഈടാക്കിയത്. ആറുദിവസത്തെ ചികിത്സയ്ക്കാണ് ഈ തുക ഈടാക്കിയത്. ജില്ല കലക്‌ടറേറ്റിൽ നിന്ന് റഫർ ചെയ്യുന്ന രോഗിയിൽ നിന്ന് എംപാനൽഡ് ആശുപത്രികൾ ചികിത്സാചെലവ് ഈടാക്കാൻ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ചായിരുന്നു നടപടി.
ഇതേത്തുടർന്ന് ഭുവനേന്ദ്രന്‍റെ മകൻ ആനന്ദ് മനുഷ്യാവകാശ കമ്മിഷന് പരാതി നൽകി. പിപിഇ കിറ്റിന് 20,675 രൂപയും എൻ 95 മാസ്‌കിന് 1,950 രൂപയും ആശുപത്രി ഈടാക്കി. മൊത്തം തുകയിൽ 58,695 രൂപ ഇൻഷുറൻസ് കമ്പനിയിൽ നിന്നും 84,013 രൂപ രോഗിയിൽ നിന്നും ഈടാക്കിയെന്നാണ് പരാതി. ഭുവനേന്ദ്രനെ 2021 മെയ് 12 മുതൽ 6 ദിവസമാണ് ചികിത്സിച്ചത്.
ആശുപത്രിയെ എംപാനൽ ചെയ്യാൻ മെയ് 14നാണ് തങ്ങൾ അപേക്ഷ നൽകിയതെന്നും മെയ് 21ന് മാത്രമാണ് എംപാനൽ ചെയ്‌ത് കിട്ടിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. എംപാനൽ ചെയ്‌തു കിട്ടുന്നതിനു മുൻപ് സർക്കാർ നിർദേശപ്രകാരം പ്രവേശിപ്പിക്കപ്പെട്ട രോഗിക്ക് ചികിത്സാസൗജന്യം നൽകാനാവില്ലെന്നുമായിരുന്നു ആശുപത്രിയുടെ നിലപാട്.
Also Read: യുക്രൈനിലെ റഷ്യൻ അധിനിവേശം: 102 സാധാരണക്കാര്‍ കൊല്ലപ്പെട്ടു, 5,00,000 പേർ പലായനം ചെയ്‌തു