തിരുവനന്തപുരം: സ്വർണവില കുറഞ്ഞതോടെ വ്യാപാരത്തിൽ വൻ വർധനവ്. പവന് ആയിരം രൂപയോളം കുറവു വന്നതോടെ നിക്ഷേപം എന്ന നിലയ്ക്ക് സ്വർണം വാങ്ങിയവർ വിറ്റഴിക്കാനുള്ള തിരക്കിലുമാണ്. വിലക്കുറവിലെ സ്ഥിരത അനുമാനിക്കാറായില്ലെങ്കിലും ഇനിയും കുറയാൻ സാധ്യതയില്ലെന്ന കണക്കുകൂട്ടലിൽ സ്വർണം വാങ്ങുന്നവരാണ് ഏറെ.
വ്യാപാരം മെച്ചപ്പെടുത്താൻ പ്രമുഖ ജ്വല്ലറികൾ വിലക്കിഴിവും സ്കീമുകളും പ്രഖ്യാപിച്ചു കഴിഞ്ഞു. കേന്ദ്ര ബജറ്റിൽ സ്വർണത്തിന് എക്സൈസ് നികുതിയിളവു പ്രഖ്യാപിച്ചതിന്‍റെ അടുത്ത ദിവസം തന്നെ വിപണി ഉണർന്നതായി വ്യാപാരികൾ പറയുന്നു. വിലയിൽ വലിയ താഴ്ച തത്കാലം ഉണ്ടാവില്ലെന്നാണ് വ്യാപാരികൾ കണക്കുകൂട്ടുന്നത്. അന്താരാഷ്ട്ര വിപണിയിലെ ലോഹ ലഭ്യതയനുസരിച്ചുള്ള ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം. അതേസമയം സ്വർണം പണയത്തിനെടുത്ത ധനകാര്യ സ്ഥാപനങ്ങൾക്ക് വിലക്കുറവ് തിരിച്ചടിയാവും.