തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം തീരുമാനം എടുക്കും. കേന്ദ്രം പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഇളവുകളെക്കുറിച്ച് യോഗം ചർച്ച ചെയ്യും. തിങ്കളാഴ്‌ച മുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്ന കാര്യത്തിലും യോഗത്തില്‍ തീരുമാനം ഉണ്ടാകും.
സംസ്ഥാനങ്ങളുടെ താത്പര്യം പരിഗണിച്ച് മദ്യ വില്‌പന ശാലകൾക്ക് കേന്ദ്രം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുണ്ട്. മദ്യം വാങ്ങുന്നതിനുള്ള ക്യൂവില്‍ ആറടി അകലം പാലിക്കുക, മാസ്‌കുകള്‍ നിര്‍ബന്ധമായി ഉപയോഗിക്കുക, ഒരു സമയം അഞ്ചില്‍ കൂടുതല്‍ പേര്‍ ക്യൂവില്‍ ഉണ്ടാകാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിച്ച് വില്പന കേന്ദ്രങ്ങൾ തുറക്കാനാണ് അനുമതി.
ബാറുകളില്‍ പാഴ്‌സല്‍ മദ്യ വില്പന അനുവദിക്കണോ എന്ന കാര്യത്തിലും ഇന്ന തീരുമാനമുണ്ടായേക്കും. ഇതിനായി നിലവിലെ അബ്കാരി ചട്ടത്തില്‍ ഭേദഗതി വേണ്ടി വരും. മദ്യ വിലപ്‌ന ശാലകള്‍ മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കാമെങ്കിലും ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. മൂന്നാംഘട്ട ലോക്ക് ഡൗണില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ചും ഇന്നു ചേരുന്ന ഉന്നതല യോഗം ചര്‍ച്ച ചെയ്യും.