തിരുവനന്തപുരം : തെക്കൻ ജില്ലയിലെ മലയോര, തീരപ്രദേശങ്ങളിൽ മഴ ശക്തം. ജില്ലയിലെ ആദിവാസി ഊരുകൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കാറ്റിലും ശക്തമായ മഴയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപക കൃഷി നാശമുണ്ടായി.
ഇന്നലെ രാത്രി മുതൽ തോരാതെ പെയ്യുന്ന മഴയിൽ വൃഷ്‌ടി പ്രദേശങ്ങളിലും മഴ ലഭിച്ചതോടെ നെയ്യാർ, ചിറ്റാർ, അരുവിക്കര ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. ഡാമുകളിലെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
അമ്പൂരി ആദിവാസി ഊരുകൾ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കോട്ടൂർ, വിതുര, കൊടിയക്കാല തുടങ്ങിയ ആദിവാസി ഊരുകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
മലയോരമേഖലയിലെ മണ്ണിടിച്ചിൽ സാധ്യത മുന്നിൽ കണ്ട് പൊന്മുടി ഉൾപ്പെടെയുള്ള പ്രദേശത്തേക്ക് ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കിലെ പ്രധാന കൃഷിയിടങ്ങളായ ചങ്കിലി, കീഴ്‌ക്കൊല്ല വെങ്ങാനൂർ, ചാവടി തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.
Also Read: ദുരിതപെയ്‌ത്തിൽ കോട്ടയം മുങ്ങി, വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ; റെഡ് അലർട്ട്
ശക്തമായ കാറ്റിലും മഴയിലും കോവളം ഇളംതോപ്പിൻ പുരയിടത്ത് മൺസൂണിന്‍റെയും നെയ്യാറ്റിൻകര പാലിയോട് സ്വദേശി ജിജിയുടെയും വീടുകൾ തകർന്നു.
പാലിയോട് സ്വദേശി സുരേഷിന്‍റെ തൊഴുത്ത് തകർന്ന് ഗർഭിണിയായ പശുവിന് പരിക്കുപറ്റി. ചെമ്പക മംഗലത്ത് ചുമര്‍ ഇടിഞ്ഞുവീണ് അമ്മയ്ക്കും കുഞ്ഞുങ്ങൾക്കും പരിക്കേറ്റു.
ബാലരാമപുരം ഇടമന കുഴിയിൽ ബീന, ജയ എന്നിവരുടെ കിണറുകൾ ഇടിഞ്ഞുതാഴ്ന്നു. പൂവാർ, പൊഴിയൂർ, വിഴിഞ്ഞം മേഖലകളില്‍ കടൽ പ്രക്ഷുബ്‌ധമാണ്.
തിരമാലകൾ ശക്തമായതിനാൽ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽ പോയില്ല. പൂവാർ വിനോദസഞ്ചാര കേന്ദ്രത്തിലെ ബോട്ട് സർവീസുകളും നിർത്തിവച്ചിരിക്കുകയാണ്.
പലയിടങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്.