തിരുവനന്തപുരം: ആയുഷ്‌മാന്‍ കേരള പദ്ധതിയില്‍ ഡോക്‌ടര്‍ നിയമനം വാഗ്‌ദാനം ചെയ്‌ത് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ഉള്‍പ്പെട്ട സംഘം പണം തട്ടിയെന്ന പരാതിയില്‍ പരാതിക്കാരനായ മലപ്പുറം സ്വദേശിയും വിരമിച്ച സ്‌കൂള്‍ അധ്യാപകനുമായ ഹരിദാസന്‍റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി (Allegation of bribery against ministers personal staff). കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന കന്റോണ്‍മെന്‍റ് പൊലീസ് മലപ്പുറത്തെ ഹരിദാസന്‍റെ വസതിയില്‍ നേരിട്ടെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
ഇതു സംബന്ധിച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പരാതിയില്‍ ആരോപണ വിധേയന്‍റെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അഖില്‍ മാത്യുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചത്. അതേ സമയം പരാതിക്കാരനായ ഹരിദാസന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനു നല്‍കിയ പരാതി ഇതുവരെയും പൊലീസിനു കൈമാറിയിട്ടില്ലെന്നത് സംഭവത്തിന്‍റെ ദുരൂഹത ഉയര്‍ത്തുന്നു.
മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിനെതിരെ പണാപഹരണം സംബന്ധിച്ച ഗുരുതര ആരോപണമുയര്‍ന്നിട്ടും അതിന്‍റെ വസ്‌തുത പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മന്ത്രിയുടെ ഓഫിസ് പൊലീസിനെ സമീപിക്കുന്നതിനു പകരം ആഭ്യന്തര അന്വേഷണമാണ് നടത്തുന്നത്. സെപ്‌റ്റംബര്‍ 13ന് മന്ത്രിയുടെ ഓഫീസിലെത്തിയ പരാതിയില്‍ ആരോപണ വിധേയനായ പേഴ്‌സണല്‍ സ്റ്റാഫിനോടു വിശദീകരണം തേടിയ ശേഷം സെപ്‌റ്റംബര്‍ 20ന് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചുവെന്നും 23 ന് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ ഇതും വസ്‌തുതാവിരുദ്ധമാണെന്ന് ഇന്നലെ വ്യക്തമായി.
പൊലീസ് ആസ്ഥാനത്തേക്ക് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇ-മെയിലായി പരാതി നല്‍കിയത് സെപ്‌റ്റംബര്‍ 26ന് മാത്രമാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ സിഎച്ച് നാഗരാജു മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെയാണ് മന്ത്രിയുടെ ഈ വാദവും പൊളിഞ്ഞത്. ഹരിദാസന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തുകയും അദ്ദേഹത്തിന് ലഭിച്ച നിയമന ഉത്തരവ് സംബന്ധിച്ച രേഖകള്‍ ശേഖരിക്കുകയും ചെയ്യുമെന്നാണ് കമ്മിഷണര്‍ വ്യക്തമാക്കുന്നത്. അതേസമയം കൈക്കൂലി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് പരാതിക്കാരന്‍ പറയുന്നത്.
അഖില്‍ സജീവ് മന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്‍റെ ഫോട്ടോ വാട്‌സ്‌ആപ്പില്‍ അയച്ചു തന്നിരുന്നു. അതിപ്പോഴും തന്‍റെ കൈവശമുണ്ട്. മന്ത്രിയുടെ ഓഫിസില്‍ നിന്നാണ് അയാള്‍ ഇറങ്ങി വന്നത്. പണം വാങ്ങിയ ശേഷം തിരികെ മടങ്ങിയതും മന്ത്രിയുടെ ഓഫിസിലേക്കാണ്. അത് അഖില്‍ മാത്യുവല്ലെങ്കില്‍ ആരെന്ന് പൊലീസ് കണ്ടു പിടിക്കണം. അഖില്‍ മാത്യു പരാതിക്കാരനില്‍ നിന്ന് 1 ലക്ഷം രൂപ വാങ്ങിയതായി പറയുന്ന ഏപ്രില്‍ 10ന് അഖില്‍ മാത്യു സ്വദേശമായ പത്തനംതിട്ടയിലായിരുന്നെന്നും അന്ന് അദ്ദേഹത്തിന്‍റെ ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ മുഴുനീളം പങ്കെടുത്തതായുമുള്ള വിവരം പുറത്തു വന്നതിനു പിന്നാലെയാണ് പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി ഹരിദാസന്‍ മാധ്യമങ്ങളെ അറിയിച്ചത്.
ALSO READ: നിയമന കോഴയില്‍ പരാതി ലഭിച്ചത് സെപ്റ്റംബർ 26ന് ; ആരോഗ്യമന്ത്രിയുടെ വാദം തള്ളി കമ്മീഷണർ