കോഴിക്കോട് : പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസിൽ പൊലീസ് ഇന്ന് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കുന്ദമംഗലം കോടതിയിലാണ് 300 പേജുള്ള കുറ്റപത്രം സമർപ്പിക്കുക(Harshina case).
മെഡിക്കൽ കോളജ് പൊലീസിനാണ് അന്വേഷണ ചുമതല. കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ നേരത്തെ അനുമതി നൽകിയിരുന്നു. പ്രസവ ശസ്ത്രക്രിയ നടത്തിയ മെഡിക്കല്‍ സംഘത്തിലുളള ഡോക്ടര്‍ സികെ രമേശന്‍, ഡോ എം ഷഹ്ന, മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്‌സുമാരായ എം രഹ്ന, കെജി മഞ്ജു എന്നിവരാണ് കേസിലെ പ്രതികൾ.
ഇവരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കേസിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന സമരസമിതി ഹൈക്കോടതിയെ സമീപിക്കാൻ ഇരിക്കെയാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്.