തിരുവനന്തപുരം: അതിഥി തൊഴിലാളികളുടെ വാസസ്ഥാനങ്ങളുടെ ദുരവസ്ഥ പുറത്തു കൊണ്ടുവന്ന സംഭവമായിരുന്നു ജനുവരിയില്‍ ചാലയിലുണ്ടായ തീപിടിത്തം. 100-ലധികം അതിഥി തൊഴിലാളികള്‍ തീപിടിത്തമുണ്ടായ കെട്ടിടത്തിന്‍റെ ടെറസില്‍ ഷീറ്റ് വച്ച് മറച്ച നിലയില്‍ കഴിയുന്ന ദുരവസ്ഥ അന്ന് കേരളം നേരിട്ട് കണ്ടു.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തൊഴില്‍ തേടിയെത്തുന്ന തൊഴിലാളികളുടെ വാസസ്ഥാനങ്ങള്‍ക്ക് കാലിത്തൊഴുത്തിന്‍റേതിലും മോശം സ്ഥിതിയാണെന്ന് അന്ന് മാധ്യമങ്ങള്‍ പുറത്ത് കൊണ്ടുവന്നു. ഇതോടെ തിരുവനന്തപുരത്തുകാരനായ പൊതു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും മേയര്‍ ആര്യ രാജേന്ദ്രനും അതിഥി തൊഴിലാളികളുടെ ശോച്യാവസ്ഥ നേരില്‍ കാണാനെത്തി.
തലസ്ഥാന നഗരിയിലെ അതിഥി തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യം ഉറപ്പാക്കുമെന്നും കെട്ടിടങ്ങളുടെ ഉടമസ്ഥര്‍ക്ക് ഇത് സംബന്ധിച്ച കര്‍ശനമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളികളുടെ താമസസൗകര്യം മെച്ചപ്പെടുത്തുമെന്ന് മേയറും പ്രഖ്യാപിച്ചു. പിന്നാലെ ഇത് സംബന്ധിച്ച നിയമാവലി നഗരസഭ പുറത്തിറക്കി. എന്നാല്‍, മാസം മൂന്ന് കഴിഞ്ഞിട്ടും ഇത് നടപ്പാക്കാന്‍ നഗരസഭ തയ്യാറായില്ലെന്ന് മാത്രമല്ല, നഗരസഭ ആരോഗ്യ വിഭാഗം ഈ പദ്ധതി ഉപേക്ഷിച്ചെന്ന വിവരം കൂടിയാണ് പുറത്തു വരുന്നത്.
ജനുവരി മാസത്തിലായിരുന്നു ഇത് സംബന്ധിച്ച് നഗരസഭ നിയമാവലി പുറത്തിറക്കാന്‍ നിര്‍ദേശം പുറപ്പെടുവിച്ചത്. ഏപ്രില്‍ മാസമായിട്ടും കൗണ്‍സില്‍ യോഗത്തില്‍ നിയമാവലിക്ക് അനുമതി ആവശ്യപ്പെട്ട് ഇതുവരെ അജണ്ട അവതരിപ്പിച്ചിട്ടില്ല. ചാല കമ്പോളത്തില്‍ ഉണ്ടായ തീപ്പിടിത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായിരുന്നു അതിഥി തൊഴിലാളികളെ ഏജന്‍റുമാര്‍ പലരും വൃത്തിഹീനവും മനുഷ്വത്വ വിരുദ്ധവുമായ സാഹചര്യത്തില്‍ പാര്‍പ്പിക്കുന്നുവെന്ന് തിരിച്ചറിഞ്ഞത്. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്.
ഇതിന് പിന്നാലെയാണ് നഗരസഭ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ എന്ന നിലയിൽ നിയമാവലി തയ്യാറാക്കിയത്. അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന കെട്ടിട ഉടമകള്‍ക്കും ഏജന്‍റുമാര്‍ക്കും ബാധകമാകുന്ന രീതിയിലായിരുന്നു നിയമാവലി തയ്യാറാക്കിയത്.
നിയമാവലിയില്‍ ഉണ്ടായിരുന്ന നിര്‍ദേശങ്ങള്‍
- അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍.
- നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവര്‍ക്ക് താത്കാലിക ലൈസന്‍സ് ആവശ്യമില്ല.
- അതിഥി തൊഴിലാളി ക്യാമ്പ് കെട്ടിടത്തിലേക്ക് മൂന്ന് അടി നീളമുള്ള നടപാത.
- ക്യാമ്പുകളില്‍ ഒരു അതിഥി തൊഴിലാളിക്ക് മൂന്ന് ചതുരശ്ര മീറ്റര്‍ വിസ്‌തീർണം എന്ന അളവിൽ താമസ സ്ഥലം
- കെട്ടിടത്തില്‍ വൈദ്യുതി, വെള്ളം, ആവശ്യമായ വായുസഞ്ചാരം എന്നിവ ഉറപ്പാക്കണം.
- അഞ്ച് തൊഴിലാളികള്‍ക്ക് ഒരു ടോയ്‌ലറ്റ് എന്ന നിലയില്‍ സംവിധാനം ഒരുക്കണം.
- 10ല്‍ കൂടുതല്‍ തൊഴിലാളികള്‍ ഉണ്ടെങ്കില്‍ പാചകത്തിനുള്ള സൗകര്യമുണ്ടാകണം.
- കക്കൂസ് മാലിന്യം സൂക്ഷിക്കാന്‍ സെപ്റ്റിക് ടാങ്ക് സൗകര്യം നിയമാനുസൃത സംസ്‌കരണം
- അതിഥി തൊഴിലാളികളില്‍ നിന്നും വാങ്ങുന്ന തുകയ്ക്ക് റെസിപ്റ്റ്.
- ക്യാമ്പുകളില്‍ കഴിയുന്നവര്‍ നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യണം.
- ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികള്‍ക്ക് ഐ ഡി കാര്‍ഡ് ഉണ്ടെന്ന് കെട്ടിട ഉടമ നിര്‍ബന്ധമാക്കണം.
- ക്യാമ്പുകളില്‍ വാര്‍ഡ് കൗണ്‍സിലറും നഗരസഭ ഉദ്യോഗസ്ഥരും മുഴുവന്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെട്ട മാനേജ്‌മെന്‍റ് കമ്മിറ്റികള്‍.
- മാസത്തിലൊരിക്കല്‍ ഇത്തരത്തില്‍ ചേരുന്ന കമ്മിറ്റികള്‍ യോഗം ചേരണം.
- തൊഴിലാളികളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്ന് മിനിറ്റ്‌സ് തയ്യാറാക്കണം.
എന്നിങ്ങനെയായിരുന്നു ചട്ടങ്ങളിലെ നിര്‍ദേശം. കാര്യമായ ചട്ടം രൂപീകരിച്ചെങ്കിലും നടപ്പിലാക്കുന്നതിനെ കുറിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണസമിതി വിസ്‌മരിച്ച നിലയിലാണ്.