തിരുവനന്തപുരം : അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി മറ്റ് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്ന വ്യക്തിയായിരുന്നെന്ന് മന്ത്രി ജിആര്‍ അനില്‍. സാധാരണ ജനങ്ങളുടെ മനസില്‍ കയറിയ കോണ്‍ഗ്രസ് നേതാക്കളില്‍ ഏറ്റവും പ്രമുഖനായിരുന്നു ഉമ്മന്‍ ചാണ്ടിയെന്നും മന്ത്രി പറഞ്ഞു. കെപിസിസി ഓഫിസില്‍ കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരുന്നു പ്രതികരണം.
പ്രവർത്തകർക്ക് ആവേശം പകരുന്ന അദ്ദേഹത്തിന്‍റെ മാസ്‌മര ശക്തി മറ്റ് പൊതു പ്രവർത്തകർക്ക് മാതൃകയാക്കാനാകും. ഏറ്റവും ഒടുവിലായി റേഷൻ കാർഡുമായി ഉണ്ടായ പ്രശ്‌നങ്ങളിൽ പോലും അദ്ദേഹത്തിന്‍റെ ലെറ്റർ പാഡിൽ ഏകദേശം 20-ഓളം കത്തുകള്‍ ലഭിച്ചിരുന്നു. വളരെ സാധാരണക്കാരായ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടാൻ എപ്പോഴും തയ്യാറായിരുന്ന ഉന്നതനായ കോൺഗ്രസ് നേതാവായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി രേഖപ്പെടുത്തുന്നുവെന്നും മന്ത്രി ജി ആർ അനിൽ പറഞ്ഞു.
'ജനങ്ങളുടെ മുഖ്യമന്ത്രി...': ഉമ്മൻചാണ്ടി ജനങ്ങളോടൊപ്പം നിലകൊണ്ട മുഖ്യമന്ത്രിയാണെന്ന് വി എസ് ശിവകുമാർ പ്രതികരിച്ചു. അദ്ദേഹം ജനങ്ങളുടെ മുഖ്യമന്ത്രിയായിരുന്നു. ഉമ്മൻചാണ്ടിക്ക് സമാനമായി ഇത്രയും ജനകീയനായ മറ്റൊരു നേതാവ് കേരളത്തിൽ ഉണ്ടാകില്ല.
ജനങ്ങളോടൊപ്പം നിന്ന മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങളുടെ കഷ്‌ടപ്പാട് മനസിലാക്കി എപ്പോഴും അദ്ദേഹം നിന്നിരുന്നു എന്നതാണ് യാഥാർഥ്യം. അദ്ദേഹത്തിന്‍റെ മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
അത്രത്തോളം ജനങ്ങളോടുള്ള സ്നേഹവും കാരുണ്യ സ്‌പർശമുള്ള മനസും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയിൽ വിവിധങ്ങളായ പദ്ധതികൾ ആവിഷ്‌കരിക്കാൻ അദ്ദേഹം നേതൃത്വം നല്‍കി. കാരുണ്യ പോലെയുള്ള പദ്ധതികൾ കേരളത്തിനും ഇന്ത്യയ്ക്കും മാതൃകയായി അദ്ദേഹത്തിന്‍റെ കാലത്ത് നടപ്പാക്കി.
Also Read : നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
അത്രയും ആദരണീയനായ വ്യക്തിത്വമായിരുന്നു അദ്ദേഹം. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്‌ടമാണ് ഈ വിയോഗം. അദ്ദേഹത്തെ പോലെയുള്ള നേതാവിന്‍റെ അഭാവം പാർട്ടിക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തിന് തന്നെ തീരാനഷ്‌ടമാണ് അദ്ദേഹത്തിന്‍റെ നിര്യാണമെന്നും മുൻ മന്ത്രി വി എസ് ശിവകുമാർ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ ദേശീയ സംസ്ഥാന നേതാക്കളും നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ജീവിതം പൊതുസേവനത്തിന് വേണ്ടി ഉഴിഞ്ഞുവയ്‌ക്കുകയും കേരളത്തിന്‍റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്‌ത നേതാവിനെയാണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തോടെ നഷ്‌ടപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിന്‍റെയും ഇന്ത്യയുടെയും ഊര്‍ജമായിരുന്നു ഉമ്മന്‍ ചാണ്ടി എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തോടെ അവസാനിക്കുന്നത് കേരള രാഷ്‌ട്രീയത്തിലെ ഒരു സുപ്രധാന ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു.