തിരുവനന്തപുരം : സര്‍വകലാശാലകളില്‍ പ്രവേശനം നേടുമ്പോഴും ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുമ്പോഴും വിദ്യാര്‍ഥികള്‍ സ്ത്രീധനത്തിനെതിരായ സത്യവാങ്മൂലം നല്‍കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
സ്ത്രീധനത്തിനെതിരായ പ്രചാരണവുമായി ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റി വൈസ് ചാന്‍ലര്‍മാരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്ഭവനില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍.
സ്ത്രീധനത്തിനെതിരെ സത്യവാങ്മൂലം
സ്ത്രീധനം വാങ്ങില്ലെന്ന മനോഭാവം യുവാക്കളില്‍ സൃഷ്‌ടിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.സ്ത്രീധന നിരോധനത്തിനായി ഉദ്യോഗസ്ഥരെ എല്ലാ ജില്ലകളിലും നിയമിച്ച സര്‍ക്കാര്‍ തീരുമാനം പ്രശംസനീയമാണ്.
സര്‍ക്കാര്‍ ജീവനക്കാരെല്ലാം സ്ത്രീധനത്തിനെതിരായ സത്യവാങ്മൂലം നല്‍കുക എന്ന തീരുമാനം സ്ത്രീധനം ആവശ്യപ്പെടുന്നവരില്‍ ഭീതി സൃഷ്‌ടിക്കാന്‍ പര്യാപ്‌തമാകും.
സാമൂഹിക ദുരാചാരങ്ങള്‍ ഒരാളുടെ മനസിലാണുണ്ടാകുന്നത്. എന്നാൽ അതിനെതിരായ ചിന്താഗതിയും അയാളുടെ മനസിൽ തന്നെയാണുണ്ടാകേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സ്‌ത്രീധന വിരുദ്ധ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തണം
ഇതുസംബന്ധിച്ച പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ഇതിനാവശ്യമായ പ്രചാരണ പരിപാടികള്‍ യൂണിവേഴ്‌സിറ്റി തലങ്ങളില്‍ ഉയര്‍ത്തി സ്ത്രീധന വിരുദ്ധ അവബോധം സൃഷ്‌ടിക്കുകയും വേണം.
സര്‍വകലാശാല ജീവനക്കാരായി പുതുതായി എത്തുന്നവരെ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കാനും വൈസ് ചാന്‍സലര്‍മാര്‍ മുന്‍കൈ എടുക്കണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
ALSO READ: 'സ്ത്രീധനം ഇല്ലാതാക്കാൻ വിദ്യാർഥികളിൽ ബോധവത്കരണം അനിവാര്യം:' ഗവർണർ
കൊല്ലം ജില്ലയില്‍ വിസ്‌മയ എന്ന പെണ്‍കുട്ടി സ്ത്രീധന പീഡനത്തിനിരായി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ നിര്‍ദേശങ്ങള്‍ നല്‍കിയത്.
വിസ്‌മയയുടെ വസതി സന്ദര്‍ശിച്ച് മാതാപിതാക്കളെ ആശ്വസിപ്പിച്ച ഗവര്‍ണര്‍ ഗാന്ധി സ്‌മാരക സമിതി സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ ഉപവാസത്തിലും പങ്കെടുത്തിരുന്നു.