തിരുവനന്തപുരം: കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണിൽ മുടങ്ങിയ സര്‍വകലാശാല പരീക്ഷകള്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. മെയ് 11 മുതല്‍ പരീക്ഷകള്‍ നടത്തുന്നത് സംബന്ധിച്ച സാധ്യതകള്‍ തേടാന്‍ സര്‍വകലാശാല സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറക്കി. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ പാലിച്ച് പരീക്ഷകൾ സുരക്ഷിതമായി നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴ്‌ച്ച കൊണ്ട് പരീക്ഷകള്‍ പൂര്‍ത്തിയാക്കണം. പരീക്ഷക്ക് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായ ക്രമീകരണങ്ങള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ വിശദമാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.
കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ സര്‍വകലാശാല വൈസ് ചാന്‍സിലറുമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങ് നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് കൂടാതെ മുടങ്ങി കിടക്കുന്ന മൂല്യ നിര്‍ണ്ണയം ആരംഭിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേന്ദ്രീകരണ മൂല്യനിര്‍ണയം ഒഴിവാക്കി വീടുകില്‍ ഇരുന്ന് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിനായുള്ള പ്രത്യേക ക്രമീകരണങ്ങള്‍ സര്‍വ്വകലാശാലകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ ലോക്ക് ഡൗൺ മെയ് മൂന്നിന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കി ഓഡര്‍ ഇറക്കിയിരിക്കുന്നത്.