തിരുവനന്തപുരം : കഠിനംകുളം, കഴക്കൂട്ടം എന്നിവിടങ്ങളില്‍ നിന്നും നാല് ഗുണ്ടകളെ പിടികൂടി പൊലീസ്. ഇന്നലെ (ജനുവരി 28) കഠിനംകുളം ബാറിൽവച്ച് യുവാവിന്‍റെ കൈ വെട്ടിയ ഇതേ പ്രദേശത്തുകാരനായ സ്വദേശി സാബു സിൽവയാണ് പിടിയിലായ ഗുണ്ടകളില്‍ ഒരാള്‍. പുറമെ, ജയിലില്‍ നിന്നും ഇറങ്ങി മറ്റൊരു ആക്രമണത്തിന് പദ്ധതിയിട്ടതിന് തുമ്പ സ്വദേശി ലിയോൺ ജോൺസൺ, കുളത്തൂർ സ്വദേശി അഖിൽ, കഴക്കൂട്ടം സ്വദേശി വിജീഷ് എന്നിവരെയുമാണ് പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്.
ഗുണ്ടാവിളയാട്ടം രൂക്ഷമായ സാഹചര്യത്തിൽ കഴക്കൂട്ടം പൊലീസ് രഹസ്യമായി നടത്തിയ നീക്കത്തിലാണ് ലിയോൺ ജോൺസൺ, അഖിൽ, വിജീഷ് എന്നിവരെ അറസ്റ്റ് ചെയ്‌തത്. ഇവരുടെ പക്കൽ നിന്നും വെട്ടുകത്തി, വടിവാൾ, മഴു എന്നീ മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. ഇവർ ഗുണ്ട ആക്രമണം ആസൂത്രണം ചെയ്യുന്നുവെന്ന് പൊലീസിന് രഹസ്യമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഈ നീക്കം. കഴക്കൂട്ടം സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലാണ് പ്രതികള്‍ക്കായി വലവിരിച്ചത്. പിടിയിലായവരിൽ ലിയോൺ ജോൺസൺ ഗുണ്ട ആക്‌ട് പ്രകാരമുള്ള ജയിൽ ശിക്ഷയ്ക്ക് ശേഷം ജനുവരി 27നാണ് പുറത്തിറങ്ങിയത്.
ഗുണ്ടകളെ ചോദ്യം ചെയ്യുക ഉന്നത ഉദ്യോഗസ്ഥര്‍: പിടിയിലായ ലിയോൺ ജോൺസൺ, അഖിൽ, വിജീഷ് എന്നിവര്‍ക്കെതിരെ കഴക്കൂട്ടം, തുമ്പ, ആയിരൂർ, കഠിനംകുളം, മംഗലപുരം പൊലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ മാസം തുമ്പയിൽ യുവാവിന്‍റെ കാലിൽ ബോംബെറിഞ്ഞ കേസിലും ഇവർ മൂവരും പ്രതികളാണ്. മര്യനാട് ശാന്തിപുരം സ്വദേശി മഹേഷ് സേവ്യറിനായിരുന്നു ജനുവരി 28ന് രാത്രി കഠിനംകുളത്തെ ബാറിൽ വച്ച് കൈയ്ക്ക് വെട്ടേറ്റത്. പിടിയിലായവരെ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം ചോദ്യം ചെയ്യുമെന്നാണ് വിവരം.
പൊലീസിനാകെ നാണക്കേടായ, പ്രദേശത്തെ ഗുണ്ട അക്രമണങ്ങളെ ശക്തമായി ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. കഠിനംകുളം, കഴക്കൂട്ടം പ്രദേശത്ത് ഗുണ്ട - മണ്ണ് മാഫിയ സംഘങ്ങൾ സജീവമാണ്. ഇവർ തമ്മിലുള്ള ഏറ്റുമുട്ടലും പൊലീസിന് തലവേദനയാവുകയാണ്. ഇതിനിടെയായിരുന്നു ഗുണ്ട - മണ്ണ് മാഫിയ ബന്ധം തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ മംഗലപുരം സ്റ്റേഷനിലെ സ്വീപ്പര്‍, ഒഴികെയുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.