തിരുവനന്തപുരം: പള്ളിപ്പുറത്തെ സ്വർണ കവർച്ചയിൽ തട്ടിക്കൊണ്ടുപോയയാൾ തിരിച്ചെത്തി. സമ്പത്തിന്‍റെ ബന്ധുവായ ലക്ഷ്‌മണയാണ് തിരിച്ചെത്തിയത്. രാത്രി വൈകി ഇയാൾ നെയ്യാറ്റിൻകരയിലെ സ്വർണ കടയിൽ എത്തുകയായിരുന്നു. അക്രമികൾ ഇയാളെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം. അതേ സമയം കാറിൽ നിന്ന് 100 പവൻ തട്ടിയെടുത്ത സംഭവത്തിൽ പ്രതികൾക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി. കവർച്ചയ്ക്ക് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പ്രാഥമിക വിവരം. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം പള്ളിപ്പുറത്ത് ടെക്നോസിറ്റിക്ക് സമീപമാണ് അജ്ഞാത സംഘം ആക്രമിച്ച് കവർച്ച നടത്തിയത്.
സ്വർണ ഉരുപ്പടികൾ നിർമിച്ച് ജൂവലറികൾക്ക് നൽകുന്ന മഹാരാഷ്ട്ര സ്വദേശിയായ സമ്പത്തിന്‍റെ കൈവശമുണ്ടായിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടത്. പാറശാല ഭാഗത്തു നിന്ന് വന്ന രണ്ട് കാറുകളിലെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. സമ്പത്തിന്‍റെ കാറിന്‍റെ മുന്നിലെത്തിയ പ്രതികൾ കാർ തടയുകയും ഇതിന് ശേഷം വെട്ടുകത്തി വച്ച് ഗ്ലാസ് തകർത്ത് മുഖത്ത് മുളകുപൊടി എറിഞ്ഞു വെട്ടി പരിക്കേൽപ്പിക്കുകയും സ്വർണം കവരുകയും ആയിരുന്നു. സമ്പത്തിന്‍റെ ഡ്രൈവർ അരുണിനെ കാറിൽ നിന്ന് ഇറക്കി അക്രമികൾ വന്ന കാറിൽ കയറ്റി മർദിച്ച ശേഷം വാവറ അമ്പലത്തിനു സമീപം ഉപേക്ഷിച്ചിരുന്നു.
സമ്പത്തിന്‍റെ കൈയ്ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഡ്രൈവറെയും സമ്പത്തിനെയും തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മംഗലപുരം പൊലീസ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി സി.എസ് ഹരിക്കാണ് അന്വേഷണ ചുമതല.
കൂടുതൽ വായിക്കാൻ: തലസ്ഥാനത്ത് ജൂവലറി ഉടമയെ തടഞ്ഞ് 100 പവൻ സ്വര്‍ണം കവര്‍ന്നു