തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫെമ നിയമ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.
കേന്ദ്ര അന്വേഷണ ഏജൻസികളായ കസ്റ്റംസിനും എൻഐഎക്കും പിന്നാലെയാണ് കേന്ദ്ര ഏജൻസിയായ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കേസ് രജിസ്റ്റർ ചെയ്‌തത്. പ്രതികളുടെ വലിയ തോതിലുള്ള അനധികൃത സ്വത്ത് സമ്പാദനം, അനുമതിയില്ലാതെ വിദേശത്തു നിന്നും പണം കടത്തൽ എന്നിവ ഉൾപ്പടെയുള്ള വിഷയങ്ങളാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് അന്വേഷിക്കുക. തുടർനടപടികളുടെ ഭാഗമായി പ്രതികളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ വാങ്ങും. ഇതിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.