തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഓഫിസുകളിൽ വിളിച്ചാൽ ഫോണെടുക്കുന്നില്ലെന്ന പരാതി പരിഹരിക്കാൻ സർക്കാർ നടപടി. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി ഡയറക്‌ടർ ഓഫിസുകളിലും എഇഒ ഓഫിസുകളിലും ഫോണും മറുപടി പറയാൻ ഒരു ജീവനക്കാരനെയും നിയോഗിക്കും.
ഫോൺ സംവിധാനം കാര്യക്ഷമമാക്കുന്ന പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്ത് നിർവഹിച്ചു. രണ്ടാഴ്‌ചയ്ക്കകം എല്ലാ ജില്ലകളിലും ഈ സംവിധാനം പൂർണതോതിൽ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി വ്യക്തമാക്കി.
ഫയൽ നമ്പർ നൽകിയാൽ അപേക്ഷയുടെ നിലവിലെ സ്ഥിതി അപേക്ഷകനെ അറിയിക്കും. ഇതിനായി ഫയൽ വിവരങ്ങൾ കമ്പ്യൂട്ടറിൽ ശേഖരിക്കുന്ന നടപടികൾ (ഇ ഫയലിങ്) രണ്ടാഴ്‌ചയ്ക്കകം പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി.
വകുപ്പിലെ വിവിധ ഓഫിസുകളിലെ ഫോൺ നമ്പറുകൾ ജനുവരി 15നകം വിദ്യാഭ്യാസ വകുപ്പിൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. രണ്ടാഴ്‌ചയ്ക്കുള്ളിൽ ഈ സേവനത്തിൻ്റെ പുരോഗതി വിലയിരുത്തും. ഡെപ്യൂട്ടി ഡയറക്‌ടർ ഒപ്പിട്ട പരാതി ബുക്കിൽ സന്ദർശകർക്ക് പരാതികൾ രേഖപ്പെടുത്താം. രണ്ടാഴ്‌ചയ്ക്കകം ബന്ധപ്പെട്ടവർ പരാതി പരിശോധിച്ച് തീർപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Also Read: സി.ഐ.എസ്.എഫ് ആയുധ പരിശീലന യൂണിറ്റിൽ നിന്ന് 11 കാരന് വെടിയേറ്റു ; നില ഗുരുതരം